ദുബൈ: വനിത ഏഷ്യ കപ്പ് സെമിയില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തു. ബാറ്റിങ്ങില്‍ ഷഫാലി വര്‍മയും ബൗളിങ്ങില്‍ ദീപ്തി ശര്‍മയും തിളങ്ങിയ മത്സരത്തില്‍ 40 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. 24 റണ്‍സ് നേടി പുറത്താകാതെ നിന്ന സ്വര്‍ണ അക്തറാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. സ്‌കോര്‍: ഇന്ത്യ -20 ഓവറില്‍ ആറിന് 149, ബംഗ്ലാദേശ് – 20 ഓവറില്‍ ഏഴിന് 109. വെള്ളിയാഴ്ച നടക്കുന്ന പാകിസ്ഥാന്‍ – ശ്രീലങ്ക രണ്ടാം സെമിയിലെ വിജയികളുമായി ഇന്ത്യ ഫൈനലില്‍ ഏറ്റുമുട്ടും. ഞായറാഴ്ചയാണ് കിരീടപ്പോര്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഒരു ഘട്ടത്തിലും ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താനായില്ല. പവര്‍പ്ലേയിലെ അവസാന ഓവറിലാണ് ആദ്യ വിക്കറ്റ് വീണതെങ്കിലും, ആദ്യ ആറോവറില്‍ 26 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്. ഓപ്പണര്‍ ദില്‍ര അക്തര്‍ 21 റണ്‍സ് നേടി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴുകയും വമ്പനടികള്‍ക്ക് അധികം അവസരം ലഭിക്കാഞ്ഞതും ബംഗ്ലാദേശിന് തിരിച്ചടിയായി. ഇന്ത്യക്കായി ദീപ്തി ശര്‍മ മൂന്നുവിക്കറ്റ് നേടി. അര്‍ധ സെഞ്ച്വറി നേടിയ ഷഫാലി, ബൗളിങ്ങിലും തിളങ്ങി. വിക്കറ്റ് നേടാനായില്ലെങ്കിലും നാലോവറില്‍ 25 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. നാലോവറില്‍ ഒന്ന് മെയ്ഡനാക്കുകയും 14 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റ് നേടുകയും ചെയ്ത ശ്രീ ചരണിയുടെ ബൗളിങ്ങും ശ്രദ്ധേയമായി.

നേരത്തെ, ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ സ്മൃതി മന്ധാനയെ (2) നഷ്ടപ്പെട്ട ഇന്ത്യയെ, നാല് തവണ ലൈഫ് ലഭിച്ച ഓപ്പണര്‍ ഷഫാലി വര്‍മയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. 40 പന്തുകളില്‍ നിന്ന് 7 ഫോറും 3 സിക്‌സും സഹിതം 64 റണ്‍സ് നേടിയ ഷഫാലി, ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായി. ബംഗ്ലാദേശ് ഫീല്‍ഡര്‍മാരുടെ പിഴവുകളും കൈവിട്ട ക്യാച്ചുകളും ഷഫാലിക്ക് തുണയായി.

പ്രതിക റാവല്‍ 20 റണ്‍സും, റിച്ച ഘോഷ് 21 റണ്‍സും നേടി പുറത്തായി. അവസാന ഓവറില്‍ ദീപ്തി ശര്‍മ തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യ 149ല്‍ എത്തിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 24 റണ്‍സുമായി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി സുല്‍ത്താന ഖാത്തൂന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *