സാക്ഷരതാമിഷൻ സുൽത്താൻ ബത്തേരി നഗരസഭയുടെയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച വൈജ്ഞാനിക സാമൂഹിക സാംസ്കാരിക തുടർ വിദ്യാഭ്യാസ സെമിനാർ എം.എൽ.എ ഐ. സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമ്പൂർണ്ണ സാക്ഷരതയിൽ നിന്നും സമ്പൂർണ്ണ ഡിഗ്രിയിലേക്കുള്ള ദൂരം വിദൂരമല്ലെന്നും അനൗപചാരിക വിദ്യാഭ്യാസം കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും എം.എൽ. എ പറഞ്ഞു. സാക്ഷരതയിലും തുടർ വിദ്യാഭ്യാസത്തിലും ജില്ല കുതിക്കുകയാണ്.പട്ടികവർഗ്ഗ മേഖലയിലെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കുന്ന ട്രൈബൽ യൂണിവേഴ്സിറ്റിയിലൂടെ കൂടുതൽ പ്രോത്സാഹനം നൽകുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് പൂർത്തിയാക്കിയ പഠിതാക്കൾക്ക് സൗജന്യ ഡിഗ്രി പഠനത്തിന് ജില്ലാ പഞ്ചായത്ത് സുൽത്താൻ ബത്തേരി,മാനന്തവാടി, കൽപ്പറ്റ നഗരസഭ, തദ്ദേശ സ്ഥാപനങ്ങളിൽ പദ്ധതി രൂപീകരിച്ചിട്ടുണ്ട്.പൊതുവിഭാഗക്കാർക്കും സാക്ഷരതാ മിഷൻ മുഖേന ഡിഗ്രി പഠനത്തിന് സെപ്റ്റംബർ 30 വരെ
അപേക്ഷിക്കാം. പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് പൂർത്തീകരിച്ച് ഡിഗ്രി തുടർ പഠനത്തിന് തയ്യാറെടുക്കുന്ന സുൽത്താൻ ബത്തേരി നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദറിനെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി.പി ജഗതി രാജ് അനുമോദിച്ചു. നഗരസഭ ഹാളിൽ നടന്ന സെമിനാറിൽ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ അധ്യക്ഷയായി. നഗരസഭ വൈസ് ചെയർപേഴ്സൺ എം.ജി ഇന്ദ്രജിത്ത് ലോക സാക്ഷരതാ ദിന സന്ദേശം നൽകി. ശ്രീനാരായണഗുരു യൂണിവേഴ്സിറ്റി മേഖല ഡയറക്ടർ ഡോ. കെ. എസ് സുരേഷ് കുമാർ, നഗരസഭ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ പി.സംഷാദ്, വി.കെ ഷിഫാനത്ത്, ലീലാ പാൽപ്പാത്ത്, നഗരസഭാ സെക്രട്ടറി വി.ഡി തോമസ്, ശ്രീനാരായണഗുരു യൂണിവേഴ്സിറ്റി സോഷ്യോളജി വിഭാഗം പ്രൊഫസർമാരായ ഡോ.മായാ രവീന്ദ്രൻ, ഫൗസിയ ഷുക്കൂർ, സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി പ്രശാന്ത് കുമാർ, നഗരസഭാ വിദ്യാഭ്യാസ കലാകായിക സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സെറീന അബ്ദുള്ള, സെൻ്റ് മേരിസ് കോളേജ് എൽ എസ് സി കോ ഓർഡിനേറ്റർ ഡോ. എൻ.ജി ജോബി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ വി.ആർ നിഷ, ഡിവിഷൻ കൗൺസിലർമാരായ രാധാ രവീന്ദ്രൻ, കെ.എം മൊയ്തു, നൗഷാദ് മംഗലശ്ശേരി, ഭാനു പുളിക്കൽ,ഫൗസിയ, സി.ഡി.എസ് ചെയർപേഴ്സൺ മാരായ ആർ.ആർ പ്രസന്നകുമാരി, കെ. രാജലക്ഷ്മി കെ, പ്രേരക് കൺവീനർ പി.കെ ബബിതമോൾ എന്നിവർ സംസാരിച്ചു.
