കൽപ്പറ്റ | 2026 ഒക്ടോബർ 26
അന്തരിച്ച പ്രിയഗായകൻ നിസാർ വയനാടിന്റെ കുടുംബത്തിന് കൈത്താങ്ങാവുക എന്ന മഹത്തായ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘നിസാർ വയനാട് മെഗാ ഷോ’ നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന മെഗാ ഷോയിലൂടെ ലഭിക്കുന്ന വരുമാനം നിസാർ വയനാടിന്റെ കുടുംബത്തിന് കൈമാറാനാണ് സംഘാടക സമിതിയുടെ തീരുമാനം.
സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും നിരവധി സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടുകയും ചെയ്ത നിസാർ വയനാടിന്റെ അകാലവിയോഗം കലാലോകത്തിനും അദ്ദേഹത്തെ സ്നേഹിച്ചവർക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ വിയോഗത്തോടെ കുടുംബത്തിനുണ്ടായ ശൂന്യത നികത്താനാവില്ലെങ്കിലും, കുടുംബത്തിന്റെ തുടർന്നുള്ള ജീവിതത്തിന് താങ്ങാകാനും കുട്ടികളുടെ വിദ്യാഭ്യാസം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും സഹായിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ പ്രധാന ലക്ഷ്യം. കുടുംബത്തിന്റെ സംരക്ഷണവും പഠനച്ചെലവുകളും ഏറ്റെടുക്കുന്നതിനാവശ്യമായ സാമ്പത്തിക പിന്തുണ ഇതുവഴി ഉറപ്പാക്കാൻ കഴിയുമെന്നാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.
നാദിർ ഷാ, അനുശ്രീ, അബുസലിം, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, കണ്ണൂർ ശരീഫ്, കൊല്ലം ഷാഫി, കണ്ണൂർ സീനത്ത്, രഹന തുടങ്ങിയ കേരളത്തിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഷോയിൽ സംഗീത-കലാ രംഗത്തെ പ്രമുഖർ അതിഥികളായി പങ്കെടുക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ടി. സിദ്ദിഖ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി എന്നിവരും പരിപാടിയിൽ സംബന്ധിക്കും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ടിക്കറ്റ് വിതരണം, സ്പോൺസർഷിപ്പ്, പൊതുജന പങ്കാളിത്തം എന്നിവയിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ ഈ സദുദ്യമത്തിന്റെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. നിസാർ വയനാടിനെ സ്നേഹിച്ചവരും അദ്ദേഹത്തിന്റെ ഗാനങ്ങളെ നെഞ്ചിലേറ്റിയവരും കലാസാംസ്കാരിക രംഗത്തെ പ്രവർത്തകരും വ്യാപാരികളും വ്യവസായികളും സന്നദ്ധ സംഘടനകളും പൊതുജനങ്ങളും ഈ ഉദ്യമത്തോട് സഹകരിക്കണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.
ഒരു കലാകാരന്റെ ഓർമകൾക്ക് ആദരവ്; അദ്ദേഹത്തിന്റെ കുടുംബത്തിന് കരുതൽ; കുട്ടികൾക്ക് സുരക്ഷിതമായ ഭാവി—ഈ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നിസാർ വയനാട് മെഗാ ഷോയെ വലിയൊരു ജനകീയ കൂട്ടായ്മയാക്കി മാറ്റാനാണ് സംഘാടക സമിതിയുടെ ശ്രമം.
സംഘാടക സമിതി ചെയർമാൻ യൂസഫ് , വി.പി, കൺവീനർ താരിഖ് കടവൻ , ട്രഷറർ സി.രവീന്ദ്രൻ , ഫിനാൻസ് കമ്മറ്റി ചെയർമാൻ ബിനു ജേക്കബ് , പബ്ലിസിറ്റി ചെയർമാൻ ജയരാജ് ബത്തേരി , ബാവ ബത്തേരി , ഷെമീർ , നെയിം , സെമീർ. സി.കെ , ഫർഷാദ് , സാലിഹ് പി.കെ , റഫീഖ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .
