കൊച്ചി: വിദ്യാർത്ഥി രാഷ്ട്രീയം വിലക്കാനുള്ള ഒരു തീരുമാനവും കേരള സർവ്വകലാശാല കൈകൊണ്ടിട്ടില്ലെന്ന് മന്ത്രി റോജി എം ജോൺ. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണ് നടക്കുന്നത്. കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് സിൻഡിക്കേറ്റിന്റെ ഉപസമിതിയെ കേരള സർവകലാശാല നിയമിക്കുകയുണ്ടായി. ഉപസമിതിയുടെ ചർച്ചയ്ക്ക് വേണ്ടി നിയമ സമിതി തയ്യാറാക്കിയ രേഖ മാത്രമാണ് അത്.

വിദ്യാർത്ഥി സംഘടനകൾക്ക് അയച്ച് അഭിപ്രായം കേട്ട്, വീണ്ടും ചർച്ച ചെയ്ത് അംഗീകരിച്ചാൽ മാത്രമേ മാർഗനിർദ്ദേശമായി കണക്കാക്കേണ്ടതുള്ളൂ. കാളപെറ്റെന്നു കേട്ട ഉടൻ ചിലർ കയർ എടുക്കുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നാണ് സർക്കാർ നയം. വിദ്യാർത്ഥി രാഷ്ട്രീയത്തിന് വിരുദ്ധമായ ഒരു തീരുമാനവും യുഡിഎഫ് സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകില്ല. അത് യുഡിഎഫിന്റെ നയമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ വിദ്യാർഥി രാഷ്ട്രീയം വിലക്കാനുള്ള നീക്കം യുവതലമുറയെ ഭയക്കുന്നത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു. സർവ്വകലാശാല വിസിയുടെ നീക്കത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും രംഗത്തെത്തി. അതേസമയം ഇപ്പോഴുള്ളത് ക്യാമ്പസുകളിൽ സമാധാനം നിലനിർത്താനുള്ള പ്രാരംഭ ചർച്ചകൾ മാത്രമാണെന്നും പുറത്തുവന്നത് ഔദ്യോഗിക രേഖയല്ലെന്നുമാണ് സർവ്വകലാശാല വിസിയുടെ വിശദീകരണം.

By admin

Leave a Reply

Your email address will not be published. Required fields are marked *