തിരുവനന്തപുരം വിമാനത്താവളത്തിൽ ദമ്പതികളുടെ പക്കൽ നിന്ന് സ്വർണം തട്ടിയെടുത്തു. ദമ്പതികളെ കാറിൽ തട്ടിക്കൊണ്ടു പോയി കവർന്നത്, എട്ട് ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ. സ്വർണം പൊട്ടിക്കലെന്ന് സംശയം. ദുബൈയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ പക്കൽ നിന്നുമാണ് സ്വർണ്ണം തട്ടിയെടുത്തത്.
ദമ്പതികളെ സുഹൃത്ത് വഴി പരിചയപ്പെട്ട ഒരാൾ തിരുവനന്തപുരത്തേക്ക് സ്വർണ്ണം കൊണ്ട് പോകാൻ സമീപിച്ചു. സ്വർണ്ണം കൊണ്ട് പോകാൻ ഒരു ലക്ഷം രൂപയും വിമാന ടിക്കറ്റും വാഗ്ധാനം നൽകിയിരുന്നു. മെഹറൂഫ് എന്നയാൾ വിമാനത്താവളത്തിൽ സ്വർണ്ണം വാങ്ങും എന്നാണ് ദമ്പതികളോട് പറഞ്ഞത്. എന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ദമ്പതികളെ മെഹ്റൂഫ് എന്ന പേരിൽ മറ്റൊരാൾ പരിചയപ്പെട്ടു. പിന്നാലെ ഈ സംഘം ദമ്പതികളെ കാറിൽ തട്ടി കൊണ്ട് പോയി സ്വർണ്ണം കവരുകയായിരുന്നു. ചേർത്തലയിൽ ഇരുവരെയും ഇറക്കി വിടുകയും ചെയ്തു.
അതേസമയം സ്വർണ്ണം നഷ്ടമായ യഥാർത്ഥ സംഘം ദമ്പതികളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ദമ്പതികൾ വലിയതുറ പൊലീസിനെ സമീപിക്കുകയായിരുന്നു. ദമ്പതികളെ തട്ടി കൊണ്ട് പോയതിനു വലിയ തുറ പൊലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്നു വലിയതുറ പൊലീസ് വ്യക്തമാക്കി.
