മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഹര്‍മന്‍പ്രീത് കൗര്‍ ഒഴിഞ്ഞു. മൂന്ന് ഫോര്‍മാറ്റിലെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുന്നതായി വ്യക്തമാക്കിയാണ് 37കാരിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം നായക സ്ഥാനം ഒഴിയുന്നതായി വ്യക്തമാക്കിയത്. ക്യാപ്റ്റന്‍ സ്ഥാനം മാത്രമാണ് ഒഴിയുന്നതെന്നും കളിക്കാരിയെന്ന നിലയില്‍ ടീമില്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി.
2016ലാണ് ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ടി20 ക്യാപ്റ്റനാകുന്നത്. 10 വര്‍ഷത്തോളം ആസ്ഥാനത്ത് തുടരുകയാണ്. 2022ല്‍ അവര്‍ ഏകദിനത്തിലും 2023ല്‍ ടെസ്റ്റ് ഫോര്‍മാറ്റിലും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു.
ഇന്ത്യന്‍ വനിതാ ക്യാപ്റ്റനെന്ന നിലയില്‍ ഒരിക്കലും മായ്ക്കാന്‍ സാധിക്കാത്ത തരത്തില്‍ തന്റെ പേര് എഴുതി വച്ചാണ് അവര്‍ പടിയിറങ്ങുന്നത്. ഇന്ത്യന്‍ വനിതാ ടീമിന് ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ എന്ന അവിസ്മരണീയ നേട്ടം ഹര്‍മന്‍പ്രീതിന് അവകാശപ്പെട്ടതാണ്. 2025 നവംബറിലാണ് ഇന്ത്യ കന്നി വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസില്‍ തുടരെ രണ്ട് എഡിഷനുകളില്‍ ഇന്ത്യ സ്വര്‍ണം നേടിയതും ഹര്‍മന്‍പ്രീതിന്റെ കീഴില്‍ തന്നെ.
ഇന്‍സ്റ്റയില്‍ പങ്കിട്ട കുറിപ്പ്
‘ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ഞാന്‍ പടിയിറങ്ങുകയാണ്. എളുപ്പം എടുത്ത തീരുമാനമല്ല ഇത്. ഒരുപാട് വര്‍ഷത്തെ ഓര്‍മകളും വികാരങ്ങളും ത്യാഗങ്ങളും ജീവിതകാലം എന്നോടൊപ്പം നില്‍ക്കുന്ന നിമിഷങ്ങളും ഇതിലുണ്ട്.
ഈ ടീമിനും ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനും എന്നാലാവുന്നത് എല്ലാം ഞാന്‍ നല്‍കി. എന്റെ രക്തവും വിയര്‍പ്പും സമയവും. പലപ്പോഴും സ്വന്തം കളിയുടേയും വ്യക്തിപരമായ ആഗ്രഹങ്ങളുടേയും ഒരു ഭാഗം തന്നെയും ഞാന്‍ ടീമിനായി നല്‍കി. ടീം ആണ് മുന്നില്‍ എന്നു വിശ്വസിച്ചതിനാല്‍ എന്റെ വ്യക്തിഗത പ്രകടനവും വളര്‍ച്ചയും സ്വകാര്യ ആഗ്രഹങ്ങളും എല്ലാം മാറ്റിവയ്‌ക്കേണ്ടി വന്നു.
ക്യാപ്റ്റന്‍ എന്ന നിലയില്‍ ബുദ്ധിമുട്ടേറിയ പല തീരുമാനങ്ങളും എനിക്ക് എടുക്കേണ്ടി വന്നിട്ടുണ്ട്. എല്ലായ്‌പ്പോഴും ആളുകള്‍ക്ക് മനലാകാതിരുന്ന, എളുപ്പമല്ലാത്ത, ചിലപ്പോഴൊക്കെ വ്യക്തിപരമായ നഷ്ടങ്ങള്‍ വരുത്തിവച്ച തീരുമാനങ്ങള്‍. എന്നാല്‍ ഞാന്‍ എടുത്ത ഒരോ തീരുമാനത്തിനു പിന്നിലും ഒറ്റ ലക്ഷ്യം മാത്രമായിരുന്നു. ഈ ടീമിനെ കൂടുതല്‍ മികച്ചതാക്കുക. ഒപ്പം മറ്റ് കളിക്കാര്‍ക്ക് വളരാനും കഴിവുകളില്‍ വിശ്വാസിക്കാനും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുമുള്ള അവസരം ഒരുക്കുക.
വലിയ തിരിച്ചടികള്‍ നിറഞ്ഞ നിമിഷങ്ങള്‍, ഹൃദയവേദനകള്‍, വിമര്‍ശനങ്ങള്‍, സംശയങ്ങള്‍, ഒന്നും അനുകൂലമായി വരാത്ത ദിവസങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളെ ഞാന്‍ ക്യാപ്റ്റനെന്ന നിലയില്‍ നേരിട്ടു. അതേപോലെ തന്നെ സന്തോഷകരമായ ഒട്ടേറെ നിമിഷങ്ങള്‍, വിജയങ്ങള്‍, ആഘോഷങ്ങള്‍, നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിന്റെ അഭിമാനം, ഓരോ ത്യാഗവും ഫലവത്തായ നിമിഷങ്ങള്‍.’
‘നിറഞ്ഞ വികാരങ്ങളോടെയാണ് ഞാന്‍ സ്ഥാനമൊഴിയുന്നത്. ഒപ്പം മനസിന് വലിയ സമാധാനവുമുണ്ട്. കാരണം എന്റെ ടീം ഇപ്പോള്‍ വളരെ മികച്ച നിലയിലാണെന്നു ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. കഴിവുള്ള, വ്യക്തതയുള്ള, ആത്മവിശ്വാസമുള്ള, വരുംകാലത്ത് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു ടീം. അവരുടെ കളിയും വളര്‍ച്ചയും കാണാനും അതിന്റെ ഭാഗമാകാനും ഞാന്‍ ആവേശത്തോടെ കാത്തിരിക്കുന്നു.
എന്റെ കടമ ഞാന്‍ നിര്‍വഹിച്ചു എന്നാണ് തോന്നുന്നത്. ഈ ടീമിനായി എനിക്കുള്ളതെല്ലാം ഞാന്‍ നല്‍കി. അഭിമാനത്തോടെയാണ് ഈ ഉത്തരവാദിത്വം ഞാന്‍ ചുമലിലേറ്റിയത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ നയിക്കാന്‍ ഭാഗ്യം കിട്ടിയതില്‍ ഞാന്‍ കൃതജ്ഞതയുള്ളവളായിരിക്കും.
ഇപ്പോള്‍ മറ്റൊരു അധ്യായത്തിന്റെ പുതിയ താള്‍ മറിക്കാനുള്ള സമയമായിരിക്കുന്നു. ക്യാപ്റ്റന്‍സി അവസാനിച്ചേക്കാം. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനോടുള്ള എന്റെ സ്‌നേഹം അവസാനിക്കില്ല. നല്ല സമയത്തും പ്രയാസകരമായ ഘട്ടങ്ങളിലും എനിക്കൊപ്പം ഉറച്ചു നിന്ന എല്ലാ സഹ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും മാനേജ്‌മെന്റിനും ബിസിസിഐ കുടുംബാംഗങ്ങള്‍ക്കും ഓരോ ആരാധകനും നന്ദി.
രക്തം, വിയര്‍പ്പ്, ത്യാഗം, അഭിമാനം എന്റേതെല്ലാം ഞാന്‍ നല്‍കി. കളിയോടുള്ള സ്‌നേഹത്താല്‍ വീണ്ടും കളിക്കാന്‍ ഞാന്‍ ഒരുക്കമാണ്. ക്യാപ്റ്റന്‍സി അവസാനിക്കുന്നു. യാത്ര തുടരുന്നു.’
