വയനാട്: പാരമ്പര്യ നെല്‍വിത്തുകളുടെ സംരക്ഷകനായിരുന്ന ചെറുവയല്‍ രാമന്റെ വിയോഗം കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്കും പൈതൃക സംരക്ഷണത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.തലമുറകളുടെ കാര്‍ഷിക ഓര്‍മകള്‍ക്ക് കാവല്‍ നിന്ന കര്‍ഷകനായിരുന്നു ചെറുവയല്‍ രാമന്‍. അന്യംനിന്നുപോകുമായിരുന്ന പാരമ്പര്യ നെല്‍വിത്തിനങ്ങളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി വരുംതലമുറയ്ക്കായി കരുതിവെച്ച അദ്ദേഹം കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനായിരുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കൃഷി വെറുമൊരു ഉപജീവനമാര്‍ഗമല്ലെന്നും മണ്ണിനോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തമാണെന്നും സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു. മണ്ണിന്റെ മണവും വിത്തുകളുടെ കരുതലും കൃഷിയുടെ നന്മയും പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കിയ അദ്ദേഹത്തിന്റെ ജീവിതം എക്കാലവും ഓര്‍മിക്കപ്പെടുമെന്നും അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ചിങ്ങം ഒന്നിന് പ്രഖ്യാപിച്ച പ്രഥമ ഉമ്മന്‍ചാണ്ടി സ്മാരക കാര്‍ഷിക പുരസ്‌കാരം ചെറുവയല്‍ രാമന് സമ്മാനിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമായിരുന്നു.

അദ്ദേഹം കാത്തുസൂക്ഷിച്ച ഓരോ വിത്തിലും വരുംതലമുറയ്ക്കുള്ള പ്രതീക്ഷയുണ്ടെന്നും ആ പ്രതീക്ഷ മണ്ണില്‍ നിലനിര്‍ത്തുന്നതാണ് അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ചെറുവയല്‍ രാമന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *