പുല്‍പ്പള്ളി: കടമാന്‍തോട് പദ്ധതിയോടുള്ള നിലപാട് എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ വ്യക്തമാക്കണമെന്ന് സി.പി.ഐ(എം) പുല്‍പ്പള്ളി ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പുല്‍പ്പള്ളി-മുള്ളന്‍കൊല്ലി മേഖലയിലെ രൂക്ഷമായ വരള്‍ച്ചയ്ക്ക് ശാശ്വത പരിഹാരമെന്ന നിലയിലാണ് കടമാന്‍തോട് പദ്ധതി വിഭാവനം ചെയ്തത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയ്യാറാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ടെന്‍ഡര്‍ അംഗീകരിച്ചിരുന്നു.ഭൂമിക്കും കെട്ടിടങ്ങള്‍ക്കും മറ്റ് നഷ്ടപരിഹാരങ്ങള്‍ക്കും ഉയര്‍ന്ന തുക നല്‍കിയായിരിക്കും ഏറ്റെടുക്കല്‍ നടത്തുകയെന്നാണ് മനസ്സിലാക്കുന്നതെന്ന് സി.പി.ഐ(എം) വ്യക്തമാക്കി. നിലവിലെ വിപണിവിലയുടെ മൂന്നോ നാലോ ഇരട്ടി വരെ ഭൂമിക്ക് ലഭിക്കുമെന്നും മറ്റ് വസ്തുവകകള്‍ക്കും സമാനമായ രീതിയില്‍ നഷ്ടപരിഹാരം നല്‍കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നിയമസഭയില്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ചാ പ്രതിരോധ നടപടികള്‍ സംബന്ധിച്ച് എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിലും മന്ത്രിയുടെ മറുപടിയിലും കടമാന്‍തോട് പദ്ധതിയെക്കുറിച്ച് പരാമര്‍ശമുണ്ടായില്ല. പകരം, പൂര്‍ണമായും കര്‍ണാടകയുടെ നിയന്ത്രണത്തിലുള്ള കബനി പുഴയില്‍ തടയണ നിര്‍മിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.

അപ്രായോഗികമായ ആവശ്യങ്ങള്‍ ഉന്നയിക്കുകയും കടമാന്‍തോട് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടാതിരിക്കുകയും ചെയ്യുന്നത് ദുരുദ്ദേശപരമാണ്. പദ്ധതിയെക്കുറിച്ച് പുല്‍പ്പള്ളിയില്‍ എതിര്‍പ്പും മുള്ളന്‍കൊല്ലിയില്‍ അനുകൂല നിലപാടും സ്വീകരിക്കുന്ന കോണ്‍ഗ്രസും എം.എല്‍.എയും ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രസ്താവന ആരോപിച്ചു.

കാലാവസ്ഥാ വ്യതിയാനം, കൃഷിനാശം, വരള്‍ച്ച എന്നിവ മൂലം മേഖലയിലെ കുടിയേറ്റ ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന കടമാന്‍തോട് പദ്ധതി വേഗത്തിലാക്കാന്‍ എം.എല്‍.എയും സര്‍ക്കാരും അടിയന്തര നടപടി സ്വീകരിക്കണമെന്നും സി.പി.ഐ(എം) ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *