2026 ഒക്ടോബർ 18 ഞായർ

ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ദമ്പതികളെയും മൂന്ന് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. റാബുപുര മേഖലയിലാണ് സംഭവം. മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), മിഷ്ടി (7), സാക്ഷത് (3) എന്നിവരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കുടുംബം തലേദിവസം രാത്രി നൂഡിൽസ് കഴിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാഫലങ്ങളും പുറത്തുവന്നാലേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

രാത്രി 10നും 10.30നും ഇടയിലാണ് കുടുംബം ഭക്ഷണം കഴിച്ചതെന്ന് ഗ്രേറ്റർ നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശ്രാവൺ കുമാർ സിങ് പറഞ്ഞു. ശനിയാഴ്ച രാവിലെ പരീക്ഷയ്ക്കായി എഴുന്നേൽക്കേണ്ടിയിരുന്ന കുട്ടികളിൽ ഒരാൾ എഴുന്നേൽക്കാതിരുന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം, മഹേഷിന്റെ കുടുംബത്തിൽ സ്വത്തിനെച്ചൊല്ലി തർക്കങ്ങളുണ്ടായിരുന്നതായി അയൽവാസികൾ ആരോപിച്ചു. സ്വത്ത് മഹേഷിന്റെ സഹോദരിയുടെ പേരിലേക്ക് മാറ്റിയെന്നും വീട്ടിൽ നിന്ന് ഒഴിഞ്ഞുപോകാൻ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും അയൽവാസികൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. മഹേഷിന്റെ അമ്മയാണ് നൂഡിൽസ് പാകം ചെയ്ത് കുടുംബത്തിന് നൽകിയതെന്നും അയൽവാസികൾ ആരോപിച്ചു.

എന്നാൽ ഈ ആരോപണങ്ങൾ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മരണവുമായി ഇവയ്ക്ക് ബന്ധമുണ്ടോയെന്ന കാര്യവും വ്യക്തമല്ല. അഞ്ചംഗ കുടുംബത്തിന്റെ മരണം അതീവ ദുഃഖകരമാണെന്ന് ജെവാർ എംഎൽഎ ധീരേന്ദ്ര സിങ് പ്രതികരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവരമറിയിച്ചതായും അദ്ദേഹം പറഞ്ഞു.മരണകാരണം കണ്ടെത്താൻ വിശദമായ അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാഫലങ്ങളും ലഭിച്ചശേഷമേ മരണത്തിന്റെ യഥാർഥ കാരണം സ്ഥിരീകരിക്കാനാകൂ.

By admin

Leave a Reply

Your email address will not be published. Required fields are marked *