പുത്തൂർവയൽ : ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണമെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖ് അഭിപ്രായപ്പെട്ടു. വയനാട്ടിലെ ആദിവാസി കർഷകരുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും, അതിലൂടെ സുസ്ഥിര ഉപജീവനം ഉറപ്പുവരുത്തുന്നതിനും എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ ഐസിഎആർ- കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, തിരുവനന്തപുരം, ഐസിഎആർ – കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനം, കോഴിക്കോട്, എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ഗോത്രജ്യോതി – ആദിവാസി കർഷക  ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരിന്നു അദ്ദേഹം. ആദിവാസി സമൂഹമാണ് ഭൂമിയുടെ പരമ്പരാഗത സംരക്ഷകരെന്നും അവരുടെ ക്ഷേമത്തിനാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും മന്ത്രി വ്യക്തമാക്കി. താപനില ഉയരുന്നതും നാശോന്മുഖമായ പാരിസ്ഥിതിക വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും കാരണം ഭാവിയിൽ വയനാട് നേരിട്ടേക്കാവുന്ന രൂക്ഷമായ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ മാനന്തവാടി എംൽഎ ശ്രീമതി ഉഷാ വിജയൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ. ജി. ബൈജു മുഖ്യ പ്രഭാഷണം നടത്തി.
ഐസിഎആർ- കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, തിരുവനന്തപുരം, ഐസിഎആർ – കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനം, കോഴിക്കോട്, എന്നിവരുടെ ട്രൈബൽ സബ് പ്ലാൻ പദ്ധതിയുടെ ഭാഗമായി, കിഴങ്ങുവർഗ്ഗ വിളകളെയും സുഗന്ധവ്യഞ്ജനങ്ങളെയും അടിസ്ഥാനമാക്കിയുള്ള വിജ്ഞാനപ്രദമായ സാങ്കേതിക പരിശീലന സെഷനുകൾ കർഷകർക്കായി സംഘടിപ്പിച്ചു. കൂടാതെ, പങ്കെടുത്ത കർഷകർക്ക് കാർഷിക ഉപകരണങ്ങൾ, ഉൽപാദനോപാധികൾ, നടീൽ വസ്തുക്കൾ എന്നിവ വിതരണം ചെയ്തു.
വയനാടിന്റെ പരമ്പരാഗത നെല്ലിനങ്ങൾ സംരക്ഷിക്കുന്നതിനായി ജീവിതം സമർപ്പിച്ച വയനാടിന്റെ വിത്തച്ഛൻ പത്മശ്രീ ചെറുവയൽ രാമന് ചടങ്ങിൽ സ്മരണാഞ്ജലി അർപ്പിച്ചു. കേരള സർക്കാരിന്റെ മികച്ച യുവ കർഷകനുള്ള അവാർഡ് ജേതാവായ ഹാഷിഖ് പൊഴുതനയെയും, പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷകനായ ആദിവാസി കർഷകൻ രാഘവൻ മൂപ്പനെയും ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ, എം.എസ്.എസ്.ആർ.എഫ്. ഏരിയ ഡയറക്ടർ ഡോ. സി. തമ്പാൻ, എം.എസ്.എസ്.ആർ.എഫ്. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രംഗലക്ഷ്മി, കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ. ജി. ബൈജു, കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനം പ്രിൻസിപ്പൾ സയന്റിസ്റ്റ് ഡോ. വി. ശ്രീനിവാസൻ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. ഹരിനാരായണൻ, എം.എസ്.എസ്.ആർ.എഫ് ജൈവ വൈവിധ്യ വിഭാഗം ഡയറക്ടർ ഡോ ഇസ്രയേൽ ഒലിവർ കിംഗ്, വയനാട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ രജനീകാന്ത്, വയനാട് ജില്ലാ ട്രൈബൽ ഡെവലപ്‌മെന്റ് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ലത, ഡോ ശ്രീറാം വിഷ്ണു പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, അമ്പലവയൽ, ഈശ്വര പ്രസാദ് ഡെപ്യൂട്ടി ഡയറക്ടർ, കൃഷി, വയനാട്, ടി സി ജോസഫ്, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ജയ എം. കെ, ബിനേഷ് എം. കെ, എം.എസ്.എസ്.ആർ.എഫ് എന്നിവർ സംസാരിച്ചു.
കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനം, കോഴിക്കോട് പുറത്തിറക്കിയ ഏലക്കൃഷിയെക്കുറിച്ചുള്ള പുതിയ പ്രസിദ്ധീകരണങ്ങളും, എം.എസ്.എസ്.ആർ.എഫ്. പുറത്തിറക്കിയ കുരുമുളകുകൃഷി, മനുഷ്യ-വന്യജീവി സംഘർഷം, വിത്തുത്സവം എന്നിവയെക്കുറിച്ചുള്ള പ്രസിദ്ധീകരണങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു. ഡി. ബി. ടി. സ്കിൽ വിജ്ഞാൻ പ്രോഗ്രാമിൽ പരീശലനം പൂർത്തിയാക്കിയ പരിശീലനാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഡോ. പി. ഹരിനാരായണൻ, മെമ്പർ സെക്രട്ടറി , കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നിർവ്വഹിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *