2026 ഒക്ടോബർ 20 ചൊവ്വ

മലപ്പുറം: കെ.എന്‍.ജി റോഡിലെ മമ്പാട് ബീംബുങ്ങലില്‍ അപകടത്തില്‍പെട്ട കാറില്‍നിന്ന് ലഹരിമരുന്നായ എം.ഡി.എം.എ കണ്ടെത്തി. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് 0.58 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. അതേസമയം, അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച ശേഷം കാറോടിച്ചിരുന്നയാള്‍ കടന്നുകളഞ്ഞു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

നിലമ്പൂരില്‍നിന്ന് മമ്പാട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ബീംബുങ്ങലില്‍വെച്ച് ആദ്യം എതിരെ വന്ന സ്‌കൂട്ടറിലും തുടര്‍ന്ന് രണ്ട് കാറുകളിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് സാരമായി പരിക്കേറ്റു. ഇതുവഴി എത്തിയ ആംബുലന്‍സില്‍ പരിക്കേറ്റയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവറും പരിക്കേറ്റയാളോടൊപ്പം ആംബുലന്‍സില്‍ കയറി ആശുപത്രിയിലേക്ക് പോയിരുന്നു. തുടര്‍ന്ന് അപകടത്തില്‍പ്പെട്ട കാറില്‍ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് ഡ്രൈവിങ് സീറ്റില്‍നിന്ന് 0.58 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. ലഹരിമരുന്ന് കണ്ടെത്തിയതോടെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച ശേഷം കാര്‍ ഡ്രൈവര്‍ അവിടെനിന്ന് മുങ്ങുകയായിരുന്നു. ഇയാള്‍ മനഃപൂര്‍വം കടന്നുകളഞ്ഞെന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യം അന്വേഷണത്തിലേ വ്യക്തമാകൂ. സംഭവവുമായി ബന്ധപ്പെട്ട് കെ.എല്‍. 01 ബി.യു. 1457 നമ്പര്‍ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചിരുന്നയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി നിലമ്പൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.എം. അര്‍ഷിദ് പറഞ്ഞു. അപകടത്തിന്റെ സാഹചര്യവും കാറിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയ സംഭവവും പൊലീസ് പരിശോധിച്ചുവരികയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *