2026 ഒക്ടോബർ 21 ബുധൻ

ന്യൂഡൽഹി ∙ സിഎംആർഎൽ–എക്സാലോജിക് കേസിൽ വിജിലൻസ് കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം നൽകിയ ഹർജികൾ ഇന്ന് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിക്കും. ജഡ്ജിമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചാണു പരിഗണിക്കുക. അവധിക്കു ശേഷം ലിസ്റ്റ് ചെയ്യുമെന്നായിരുന്നു നേരത്തേ സുപ്രീം കോടതി അറിയിച്ചിരുന്നത്. കേസ് റജിസ്റ്റർ ചെയ്തെന്നും തുടർനടപടികൾക്ക് സാധ്യതയുണ്ടെന്നും പിണറായിയുടെ അഭിഭാഷകൻ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിൽ കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഇതു പരിഗണിച്ചാണു കേസ് ഇന്ന് ലിസ്റ്റ് ചെയ്തത്.

വിജിലൻസ് കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടി മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ നൽകിയ ഉപഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) നിയമത്തിന്റെ 66 (2) പ്രകാരം കൈമാറുന്ന വിവരത്തിനൊപ്പം ഗുരുതരമായ കുറ്റകൃത്യം നടന്നെന്നു വെളിപ്പെടുന്ന വസ്തുതകളും ലഭ്യമാക്കിയാൽ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ജസ്റ്റിസ് കെ.നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലയിരുത്തി. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനു മുൻപ് അറിയിക്കണമെന്ന ആവശ്യം നിയമപരമല്ലെന്നും അത്തരമൊരു അവകാശം അഴിമതിക്കേസിലെ പ്രതികൾക്കില്ലെന്നും കോടതി വ്യക്തമാക്കിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *