കല്‍പറ്റ: വയനാടിനെ മറ്റു ജില്ലകളുമായി ബന്ധിപ്പിക്കുന്ന യാത്ര മാര്‍ഗങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ശാശ്വതമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടത്തെണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. വയനാടിന്റെ പ്രധാന കവാടമായ താമരശേരി ചുരം ഇടിഞ്ഞിട്ട് അതിന് പരിഹാരം കാണുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ അലംഭാവം വായനാടിനോടുള്ള ചിറ്റമ്മനയമാണ് പ്രകടമാകുന്നത്. മൂന്ന് ദിവസം വയനാട്ടില്‍ നിന്നും മറ്റു ജില്ലകളിലേക്കുള്ള പ്രധാനമാര്‍ഗം അടഞ്ഞുകിടന്നിട്ട് അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം മുന്‍കൈ എടുത്തില്ല. ചുരം ഉള്‍പ്പെടുന്ന കോഴിക്കോട് ജില്ലയുടെ കലക്ടറോ, ദുരന്തനിവാരണ അതോറിറ്റിയോ ചുരത്തില്‍ എത്തുകയോ പ്രശ്‌നം പരിഹരിക്കാന്‍ നേതൃത്വം നല്‍കുകയോ ചെയ്തിട്ടില്ല. ജില്ലയില്‍ നിന്നുള്ള മന്ത്രി പോലും പ്രശ്‌നപരിഹാരത്തിന് ഇടപെട്ടില്ല. ഇത്തരത്തില്‍ ജില്ലയെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാരിന് ഉള്ളത്. നിലവിലെ ചുരം എത്രയും പെട്ടന്ന് പൂര്‍വസ്ഥിതിയില്‍ ഗതാഗത യോഗ്യമാക്കുകയും ചിപ്പിലിത്തോട്-മരുനിലാവ്-തളിപ്പുഴ ചുരം ബൈപാസ് യാഥാര്‍ഥ്യമാകുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ ആരംഭിക്കുകയും, കുറ്റ്യാടി ചുരത്തില്‍ നിലനില്‍ക്കുന്ന അപകട സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തി പരിഹരിക്കുന്നതിനോടൊപ്പോം പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് നിര്‍മിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. പി പി ആലി, സി പി വര്‍ഗീസ്, കെ വി പോക്കര്‍ ഹാജി, എന്‍ കെ വര്‍ഗീസ്, ഒ വി അപ്പച്ചന്‍, എം എ ജോസഫ്, എം വേണുഗോപാല്‍, എന്‍ സി കൃഷ്ണകുമാര്‍, ബിനു തോമസ്, ആര്‍ രാജേഷ്‌കുമാര്‍, കമ്മന മോഹനന്‍, പി വി ജോര്‍ജ്, ഒ ആര്‍ രഘു, ചിന്നമ്മ ജോസ്, എം യു ഉലഹന്നാന്‍, ബി സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.

കോണ്‍ഗ്രസ് പ്രതിഷേധ സദസ് ഇന്ന്

കല്‍പറ്റ: വയനാട് ചുരത്തിന്റെ സംരക്ഷണത്തിനും യാത്രപ്രശ്‌നം പരിഹരിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മാണി മുതല്‍ ലക്കിടിയില്‍ പ്രവേശന കവാടത്തില്‍ പ്രതിഷേധ സദസ് സംഘടിപ്പിക്കും. അഡ്വ. സജീവ് ജോസഫ്, ജമീല ആലിപ്പറ്റ, അഡ്വ. ടി സിദ്ദിഖ് എം എല്‍ എ, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ജില്ലയിലെ മറ്റ് ജനപ്രതിനിധികള്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ പ്രതിഷേധ സദസില്‍ പങ്കെടുക്കുമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അറിയിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *