2026 ഒക്ടോബർ 23 വെള്ളി

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു. 100 ശതമാനമാണ് വര്‍ധിപ്പിച്ചത്. നഷ്ടപരിഹാരത്തിന്റെ പരിധി, അപേക്ഷകളുടെ എണ്ണത്തിലെ നിയന്ത്രണം എന്നിവ പൂര്‍ണമായും ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കാര്‍ഷികോല്‍പ്പന്നങ്ങളായ തേങ്ങ, കൊക്കോ എന്നിവ നഷ്ടപരിഹാര പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. തേങ്ങ ഒന്നിന് 15 രൂപ നിരക്കിലും കൊക്കോ കിലോഗ്രാമിന് 30 രൂപ നിരക്കിലും നഷ്ടപരിഹാരം നല്‍കും. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍, കൃഷിനാശത്തിന് നഷ്ടപരിഹാരമായി നൽകിവരുന്ന തുക കുറവാണെന്ന് മനസിലാക്കി. ഇതുപ്രകാരം നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശിപാര്‍ശ നല്‍കിയെന്നും ഉത്തരവില്‍ പറയുന്നു.

കൃഷിനാശമോ ഉല്‍പ്പന്ന നാശമോ സംഭവിച്ചാല്‍ നഷ്ടപരിഹാരം കൃത്യമായി കണക്കാക്കുന്നതിനായി 72 മണിക്കൂറിനുള്ളിലോ പരമാവധി രണ്ട് ആഴ്ചക്കുള്ളിലോ അധികൃതരെ വിവരം അറിയിക്കണം. ആറ് മാസത്തിനുള്ളില്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് അപേക്ഷ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അപേക്ഷകരുടെ അര്‍ഹത സംബന്ധിച്ച നിബന്ധനകള്‍ നിലവിലേതുപോലെ തന്നെ തുടരുമെന്നും വനംവകുപ്പ് അറിയിച്ചു. കേരളത്തില്‍ കാട്ടാന, പന്നി, മുള്ളന്‍പന്നി, പുലി എന്നിവയുടെ ആക്രമണങ്ങള്‍ വ്യാപകമാകുന്നതിനിടെയാണ് സര്‍ക്കാര്‍ നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *