2026 ഒക്ടോബർ 25 ഞായർ

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു ആത്മഹത്യചെയ്ത കേസില്‍ പ്രേരണക്കുറ്റത്തിന് പ്രതിസ്ഥാനത്തായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ, പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ദിവ്യയുടെ കത്തോ സമൂഹമാധ്യമത്തിലെ പോസ്റ്റോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതില്‍ സംസ്ഥാന കമ്മിറ്റി മറുപടി പറയേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയ മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പിഎസ്‌സിയെ പിരിച്ചു വിടണമെന്ന ഭരണഘടനാവിരുദ്ധ ശുപാര്‍ശയില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ അഭിപ്രായം പറയണം.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 316 പ്രകാരമാണ് പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നത്. ആറ് വര്‍ഷമാണ് ഇവരുടെ കാലാവധി. ഈ കാലാവധിക്കകം ഒരംഗത്തെ നീക്കം ചെയ്യണമെങ്കില്‍ ആര്‍ട്ടിക്കിള്‍ 317 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. തെറ്റുകുറ്റങ്ങളും മോശം പെരുമാറ്റങ്ങളും സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അത് പരിശോധിക്കേണ്ടത് സുപ്രീംകോടതിയാണ്. സുപ്രീംകോടതിയുടെ ശുപാര്‍ശ അനുസരിച്ച് മാത്രമെ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും പിഎസ്‌സി കമീഷനെ പിരിച്ച് വിടാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്യാന്‍ ഭരണഘടനാപരമായി അവകാശമുള്ളൂവെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവുമധികം നിയമനം നടത്തിയത് കേരള പിഎസ്‌സിയാണ്. രാജ്യത്തെ അറുപത് ശതാമാനം പേര്‍ക്കും ജോലി നല്‍കിയത് ഇവിടെയാണ്. ശ്രദ്ധേയമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പിഎസ്‌സിക്കെതിരെ സുപ്രീം കോടതിയില്‍ കേസുപോലുമില്ല.

അങ്ങനെയെല്ലാം ശരിയായ രീതിയില്‍ കാര്യങ്ങള്‍ ചെയ്ത് പോകുന്ന പിഎസ്‌സിയെ പിരിച്ച് വിടാനാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ടാസ്‌ക് ഫോഴ്സെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണ വിധേയനായ യുപിയിലെ മുന്‍ ചീഫ് സെക്രട്ടറിയാണ് വിദഗ്ധസമിതിയിലെ ഒരംഗം. ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.ആരോഗ്യമേഖലയെ തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ നീക്കം. എല്ലാം സ്വകാര്യവല്‍ക്കരിക്കുക എന്ന അജന്‍ഡയാണ് നടപ്പാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം രൂക്ഷമാണ്. ചികിത്സാപ്പിഴവിനെ തുടര്‍ന്നുള്ള മരണങ്ങള്‍ ദിവസേന വാര്‍ത്തയാകുന്നു. ഡോക്ടര്‍മാരെയും ജീവനക്കാരെയും തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്നു.

ജനറിക് മരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇടതുപക്ഷം എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്.എസ്എംഎ ബാധിതരായ കുട്ടികളുടെ രക്ഷിതാക്കള്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കണം. വര്‍ഷങ്ങളായി ഒരു മരുന്ന് ഉപയോഗിച്ച് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായ കുഞ്ഞുങ്ങള്‍ക്ക് മറ്റൊരു മരുന്ന് പ്രയോഗിക്കുന്നതാണ് രക്ഷിതാക്കള്‍ ഉയര്‍ത്തുന്ന ആശങ്ക. ഇതിന് കൃത്യമായ ഉത്തരം നല്‍കണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മുന്‍ ആരോഗ്യമന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിച്ച് ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുകയാണ് ആരോഗ്യമന്ത്രി കെ മുരളീധരനെന്നും ഗോവിന്ദന്‍ പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *