2026 ഒക്ടോബർ 31 ശനി
ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ‘ജനകീയ കുറ്റവിചാരണ’. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് വിചാരണ നടന്നത്. ഗ്യാനേഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) ക്രമക്കേടുകൾ ആരോപിച്ചാണ് വിചാരണ. മുൻ ലോക്‌സഭ സ്പീക്കർ മീരാ കുമാർ അധ്യക്ഷത വഹിച്ചു. ഗ്യാനേഷ് കുമാറിനെ പുറത്താക്കാനുള്ള പ്രമേയം മല്ലികാർജുൻ ഖർഗെ അവതരിപ്പിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടക്കുന്നത് ഖർഗെ പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറോട് വ്യക്തിപരമായ ശത്രുതയില്ല. കമ്മിഷൻ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും നിർദേശപ്രകാരമാണ് ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് കമ്മിഷനെ നയിക്കുന്നതെന്നും ഖർഗെ പറഞ്ഞു. ജനാധിപത്യത്തിന്റെ ആത്മാവിനേറ്റ പ്രഹരമാണ് കമ്മിഷന്റെ നടപടിയെന്ന് മീരാ കുമാർ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ നമ്മെ ഉറ്റുനോക്കുന്നു, നമ്മുടെ ജനാധിപത്യ മാതൃക പിന്തുടരുന്നു. ജനാധിപത്യം തിരഞ്ഞെടുപ്പിന്റെ കരുത്തിലാണ് മുന്നോട്ട് പോകുന്നതെന്നും മീരാ കുമാർ പറഞ്ഞു.

