കാവുംമന്ദം: വിവിധ ക്യാമ്പയിനുകളിലൂടെ വീടുകൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും, പൊതു ഇടങ്ങളിൽ നിന്നും സമ്പൂർണ്ണമായി ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്തിൽ നിന്നും ഇവയെ നിർമ്മാർജ്ജനം ചെയ്തുകൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഇ വേസ്റ്റ് രഹിത പഞ്ചായത്തായി മാറി. ഇ വേസ്റ്റ് രഹിത പഞ്ചായത്ത് പ്രഖ്യാപനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു ടി പദ്ധതി വിശദീകരണം നടത്തി.

പഞ്ചായത്തിന്റെയും ഹരിതകർമസേനയുടെയും നേതൃത്വത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ഇ-മാലിന്യ ശേഖരണ പ്രവർത്തനങ്ങളും ജനങ്ങളുടെ സജീവ പങ്കാളിത്തവും പദ്ധതിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വപൂർണമായ ഗ്രാമാന്തരീക്ഷം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ജനങ്ങളുടെ സഹകരണം അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ വിലയിരുത്തി.

ഇ-മാലിന്യങ്ങളുടെ ശാസ്ത്രീയമായ ശേഖരണവും സംസ്കരണവും ഉറപ്പാക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണ രംഗത്ത് മാതൃകാപരമായ നേട്ടമാണ് തരിയോട് ഗ്രാമപഞ്ചായത്ത് കൈവരിച്ചത്. ശുചിത്വവും പരിസ്ഥിതി സൗഹൃദവുമായ ഗ്രാമം എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പ്രഖ്യാപനം.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആമിന റുക്‌സാന ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി വട്ടത്തറ, അംഗങ്ങളായ വിജയരാഘവൻ, ബേബി മൂത്തേടത്ത്, ഹെഡ്‌ ക്ലർക്ക് ഹംസ, ഹെൽത്ത് ഇൻസ്പെക്ടർ മേഘ പി ആർ, ഹരിത കർമ്മ സേന കൺസോർഷം പ്രസിഡണ്ട് ബീന ജോഷി, സെക്രട്ടറി ആയിഷ തുടങ്ങിയവർ സംസാരിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീജിത്ത് നന്ദി പറഞ്ഞു. ജനപ്രതിനിധികൾ, ജീവനക്കാർ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *