2026 നവംബർ 2 തിങ്കൾ
അടൂർ∙ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേർത്തേക്കും. യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാനും പ്രതിയാകും. അടൂർ പൊലീസ് സ്റ്റേഷനിൽ ജനപ്രതിനിധികൾ അതിക്രമിച്ചു കയറിയ സംഭവത്തിൽ പത്തനംതിട്ട എസ്പിയോട് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ റിപ്പോർട്ട് തേടി. ജനപ്രതിനിധികൾ സ്റ്റേഷനിൽ വരുന്നത് സ്വാഭാവികമാണെങ്കിലും അതിനപ്പുറം എന്തെങ്കിലും സംഭവിച്ചോയെന്ന് പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു.
പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ അടൂർ സ്റ്റേഷനിൽ അതിക്രമിച്ചു കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശ്രീനാദേവിക്കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ കഴിഞ്ഞ ജുലൈയിൽ യുട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന സമയത്ത് പൊലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ശ്രീനാദേവിയുടെ നേതൃത്വത്തിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർ പൊലീസ് ജീപ്പ് ആക്രമിക്കുന്നതും തുടർന്ന് ശ്രീനാദേവി സ്റ്റേഷനിൽ ഉള്ളിൽ കയറി പൊലീസിന്റെ സാന്നിധ്യത്തിൽ ലോക്കപ്പിനു മുന്നിൽ ചെന്ന് രാജൻ ജോസഫിനോട് തർക്കിക്കുന്നതുമൊക്കെ ദൃശ്യത്തിലുണ്ട്.
ഇതു പാടില്ലെന്ന് പൊലീസ് പറയുന്നതും കാണാം. രാജൻ ജോസഫിനെ സ്റ്റേഷനുള്ളിലേക്ക് കൊണ്ടുവരുന്നതിനിടെ രാജൻ താഴെ വീഴുന്നതിന്റെ ദൃശ്യവുമുണ്ട്. ആക്രമണത്തിൽ 2 പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
