മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദമായതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച്‌ ഒരു വിഭാഗം വിദ്യാര്‍ഥികള്‍.

സ്ഥലംമാറ്റ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ച്‌ സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ റോഡ് ഉപരോധിക്കുമെന്നും വിദ്യാര്‍ഥികള്‍ മുന്നറിയിപ്പ് നല്‍കി.

പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ വടുവഞ്ചാല്‍ സ്‌കൂളിലേക്കാണ് സ്ഥലംമാറ്റിയത്. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ പ്രിന്‍സിപ്പലിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ആരോപണം നേരിട്ട പിടിഎ പ്രസിഡന്റിനെ മാറ്റാനും നിര്‍ദേശമുണ്ട്. സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

ഹൈദരാബാദ് പഠനയാത്രക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന വിദ്യാര്‍ഥികളുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ മീനങ്ങാടി സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പിന്നാലെ പൊലീസ് നടത്തിയ വൈദ്യപരിശോധനയില്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് വ്യക്തമായി.

മദ്യപിച്ചെന്ന് ആരോപിച്ച്‌ രക്ഷിതാക്കളുടെ നേതൃത്വത്തില്‍, വിനോദയാത്ര കഴിഞ്ഞ് വന്ന പ്രിന്‍സിപ്പലിനെ തടഞ്ഞിരുന്നു. പരിശോധനയ്ക്ക് പിന്നാലെ, സത്യം തെളിഞ്ഞെന്നും തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നുമാണ് ഷിവി കൃഷ്ണന്‍ പറഞ്ഞത്. പിന്നീട് യാത്രയിലുണ്ടായിരുന്ന ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു.

എന്നാല്‍, രക്തപരിശോധനാ ഫലം പൂര്‍ണമായി അംഗീകരിക്കാന്‍ ഒരു വിഭാഗം ആളുകള്‍ ഇപ്പോഴും തയ്യാറല്ല. സംഭവം നടന്ന് 12 മണിക്കൂര്‍ വരെ വൈകിയാണ് രക്തസാമ്പിള്‍ ശേഖരിച്ചതെന്നും അതുകൊണ്ടാണ് ഫലം നെഗറ്റീവായതെന്നുമാണ് ആരോപണം.

By admin

Leave a Reply

Your email address will not be published. Required fields are marked *