മാനന്തവാടി: ലഹരിമുക്ത വയനാട് എന്ന ലക്ഷ്യവുമായി നോര്‍ബര്‍ട്ടൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹ വെല്‍ഫെയര്‍ സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍ – ദ നാര്‍ക്കോ ഹണ്ട്’ ലഹരിവിരുദ്ധ തെരുവുനാടകം ജനശ്രദ്ധയാകര്‍ഷിച്ചു. മാനന്തവാടിയുടെ വികസന മുന്നേറ്റത്തിന് കരുത്തുപകര്‍ന്ന് പോലീസ് സ്‌റ്റേഷന്റെയും ഫയര്‍ സ്‌റ്റേഷന്റെയും പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിക്കാന്‍ എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മാനന്തവാടി നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് മുന്നോടിയായാണ് നവംബര്‍ 9ന് വൈകുന്നേരം മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നാടകം അരങ്ങേറിയത്.

സ്‌നേഹ വെല്‍ഫെയര്‍ സെന്ററിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ സാമൂഹിക പരിവര്‍ത്തന ബോധവല്‍ക്കരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി മാനന്തവാടിയില്‍ ദ്വാരക മുതല്‍ ആലാര്‍ വരെയുള്ള പ്രദേശങ്ങളിലായി അമ്പതോളം സ്വയംസഹായ സംഘങ്ങളിലൂടെ (ടഒഏ) സാമൂഹികസാമ്പത്തിക ശാക്തീകരണ രംഗത്ത് സ്‌നേഹ വെല്‍ഫെയര്‍ സെന്റര്‍ നിസ്തുലമായ സംഭാവനകളാണ് നല്‍കിവരുന്നത്. രജതജൂബിലി നിറവിലെത്തി നില്‍ക്കുന്ന വേളയില്‍ നാടിനെ കാര്‍ന്നുതിന്നുന്ന ലഹരി മാഫിയയ്‌ക്കെതിരെ സ്ത്രീശക്തിയെ അണിനിരത്തി പുതിയൊരു ബോധവല്‍ക്കരണ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയാണ് സംഘടന.

സ്‌നേഹ സ്വാശ്രയ സംഘങ്ങളിലെ വനിതാ കൂട്ടായ്മ അണിനിരന്ന തെരുവുനാടകം ലഹരിയുടെ ഭീകരതയും അത് കുടുംബങ്ങളിലും സമൂഹത്തിലും വിതയ്ക്കുന്ന കണ്ണീരും തകര്‍ച്ചകളും സദസ്യരിലേക്ക് ആഴത്തില്‍ എത്തിച്ചു. യുവതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ കുടുംബങ്ങളും നാടും ഒന്നിച്ച് പ്രതിരോധം തീര്‍ക്കേണ്ടതിന്റെ അടിയന്തിര പ്രാധാന്യം നാടകം ഓര്‍മ്മിപ്പിച്ചു. ലഹരിക്കെതിരായ പടയൊരുക്കത്തില്‍ സ്ത്രീകള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് വിളിച്ചോതുന്നതായിരുന്നു ഈ വേദി.

സ്‌നേഹ വെല്‍ഫെയര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനീഷ് കരിമാലൂര്‍, പ്രോഗ്രാം കോര്‍ഡിനേറ്ററും സോഷ്യല്‍ വര്‍ക്കറുമായ ശ്രീ ജോബി തോമസ് എന്നിവരുടെ ഏകോപനത്തിലും നേതൃത്വത്തിലുമാണ് തെരുവുനാടകം വിജയകരമായി വേദിയിലെത്തിച്ചത്. പൊതുജനങ്ങളും സാമൂഹികരാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ഉള്‍പ്പെടെ വലിയൊരു ജനാവലി നാടകം കാണാനും സന്ദേശം ഉള്‍ക്കൊള്ളാനും ഗാന്ധി പാര്‍ക്കില്‍ എത്തിച്ചേര്‍ന്നു. ലഹരിമുക്ത സുരക്ഷിത വയനാടിനായുള്ള ഇത്തരം ജനകീയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *