2026 നവംബർ 14 ശനി

കൊല്ലം ∙ പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക സഹായം കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്ന പിഎം കിസാൻ സമ്മാൻ നിധി പദ്ധതിയിൽ കേരളത്തിലെ ഗുണഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവ്. ഏറ്റവും കൂടുതൽ പേർ ആനുകൂല്യം നേടിയ പത്താം ഗഡുവിനെ അപേക്ഷിച്ച് ഏറ്റവും ഒടുവിൽ വിതരണം ചെയ്ത 23–ാം ഗഡുവിൽ ഗുണഭോക്താക്കൾ 6.73 ലക്ഷം കുറഞ്ഞു. 2021 ഡിസംബർ–2022 മാർച്ച് കാലയളവിലെ പത്താം ഗഡുവിൽ 35,45,286 പേർക്ക് സഹായം ലഭിച്ചപ്പോൾ 2026 ജൂലൈയിൽ വിതരണം ചെയ്ത 23–ാം ഗഡുവിൽ ആനുകൂല്യം ലഭിച്ചത് 28,71,911 പേർക്കു മാത്രം.

ഗുണഭോക്തൃ പരിശോധന കർശനമാക്കിയതും ഇ–കെവൈസി, ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളുടെ സ്ഥിരീകരണം, ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ട് പരിശോധന തുടങ്ങിയ നിബന്ധനകൾ നടപ്പാക്കി കേന്ദ്രം പട്ടിക പരിഷ്കരിച്ചതോടെയാണ് ഇത്രയും കുറവുണ്ടായത്. 2022 ഓഗസ്റ്റ്–നവംബർ കാലയളവിലെ പന്ത്രണ്ടാം ഗഡുവിൽ ഗുണഭോക്താക്കളുടെ എണ്ണം 35,45,286ൽ നിന്ന് 20,01,857 ആയി കുറഞ്ഞിരുന്നു. പിന്നീട് അർഹരായ കർഷകരെ കണ്ടെത്തി പട്ടിക പുതുക്കിയതോടെ എണ്ണം വീണ്ടും ഉയർന്നു. ഇതുവരെ 14,107 കോടി രൂപ കേരളത്തിലെ കർഷകർക്ക് നൽകിയെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയം വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി. അനർഹരെ കണ്ടെത്താനുള്ള പരിശോധനയിൽ 2022ൽ കേരളത്തിൽനിന്ന് 31 കോടി രൂപ തിരിച്ചുപിടിക്കാനും നിർദേശമുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *