2026 നവംബർ 14 ശനി

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ ലോവർ പ്രൈമറി സ്കൂൾ ടീച്ചർ പരീക്ഷയിലെ റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരത്തിൽ, മുൻപ് നിരാഹാരം അനുഷ്ഠിച്ചിരുന്ന വളർമതി ടീച്ചറുടെ ആരോഗ്യസ്ഥിതി മോശമായെന്ന് ഉദ്യോഗാർഥികൾ. 20 ദിസവമായി നിരാഹാരം അനുഷ്ഠിക്കുന്ന വളർമതി ടീച്ചർ ഐസിയുവിലും നിരാഹാരം തുടരുകയാണ്. ശരീരത്തിൽ സോഡിയം, മഗ്നീഷ്യം, കാൽസ്യം എന്നിവയുടെ അളവ് വളരെ കുറവാണ്. യൂറിക് ആസിഡിന്റെ അളവിൽ വലിയ വ്യതിയാനങ്ങളും കാർഡിയാക് വേരിയേഷനും കണ്ടെത്തിയിട്ടുണ്ട്. ഡ്രിപ്പ് നൽകിയാണ് ടീച്ചറുടെ ജീവൻ നിലനിർത്തുന്നതെന്ന് ഇപ്പോൾ നിരാഹാരം അനുഷ്ഠിക്കുന്ന ഉദ്യോഗാർഥി എം.ജയകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

ടീച്ചറുടെ കൈകളിൽ നീരുള്ളതിനാൽ ഡ്രിപ്പ് ഇടാൻ സാധിക്കാത്ത അവസ്ഥയുമുണ്ട്. കഴുത്തിലൂടെ ഡ്രിപ്പ് ഇടാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും, നിരാഹാരം മൂലം കഴുത്തിന് ബലക്കുറവുള്ളതിനാൽ അത് സാധ്യമാണോ എന്ന് പരിശോധനകൾക്ക് ശേഷമേ ഉറപ്പിക്കാൻ കഴിയൂ എന്ന് എം.ജയകൃഷ്ണൻ വ്യക്തമാക്കി. ടീച്ചർ നിരാഹാരം അവസാനിപ്പിക്കാൻ തയ്യാറല്ല. നിരാഹാരം അവസാനിപ്പിച്ചാൽ മാത്രമേ കൂടുതൽ ചികിത്സ നൽകാൻ സാധിക്കൂ എന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ അഞ്ച് പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സമരക്കാർ പ്രഖ്യാപിച്ചു. സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ സംബന്ധിച്ച് സർക്കാർ തെറ്റായ വിവരങ്ങളാണ് പൊതുജനങ്ങൾക്ക് നൽകുന്നതെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു.

റാങ്ക് ഹോൾഡേഴ്സിന്റെ നാല് ആവശ്യങ്ങളും അംഗീകരിച്ചെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. 80 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും ഒരു ആവശ്യത്തിന് വേണ്ടി മാത്രം പിടിവാശി കാണിക്കരുതെന്നുമാണ് മന്ത്രിയുടെ നിലപാട്. അഞ്ചാമത്തെ ആവശ്യം അംഗീകരിക്കുന്നത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ 1:25 എന്ന അനുപാതം അധിക തസ്തികകൾ സൃഷ്ടിക്കാതെ തന്നെ നടപ്പാക്കാൻ കഴിയുമെന്ന് എം. ജയകൃഷ്ണൻ പറഞ്ഞു. ഡിവിഷൻ ഫാൾ സംഭവിച്ച സ്കൂളുകളിൽ ഇത് നടപ്പാക്കാനാകുമെന്നും അതിന് സർക്കാരിന് അധിക സാമ്പത്തിക ചെലവൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും തങ്ങളുടെ ജീവൻ പോലും തുലാസിൽ വെച്ചാണ് സർക്കാരിനോട് ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്നും ജയകൃഷ്ണൻ പറഞ്ഞു. വളർമതി ടീച്ചറുടെ ജീവൻ പോയിട്ട് തങ്ങൾക്ക് ഒരു ഔദാര്യവും വേണ്ടെന്ന് ഉദ്യോഗാർഥി ഗീതു വി.നായർ പറഞ്ഞു. 11,000 പേർക്ക് വേണ്ടി ഒരു അമ്മയാണ് പോരാടുന്നത്. ടീച്ചർക്ക് എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് സർക്കാർ കാര്യങ്ങൾ ചെയ്യണം. ടീച്ചറിന്റെ ജീവൻ വെച്ചാണ് സർക്കാർ കളിക്കുന്നതെന്നും ഗീതു ഓർമിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *