2026 നവംബർ 15 ഞായർ

മലപ്പുറം∙ വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് 14 വയസ്സുകാരൻ മരിച്ചു. മലപ്പുറം തിരൂരങ്ങാടിയിൽ പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദീന്റെ മകൻ ജുനൈദ് ആണ് മരിച്ചത്. വയലിൽ ട്രാക്ടർ ഉപയോഗിച്ച് കൃഷിക്കായി നിലം ഒരുക്കുന്നത് കാണാനായി നാല് കുട്ടികൾക്കൊപ്പമാണ് ജുനൈദ് എത്തിയത്. തുടർന്ന് ജുനൈദ് സ്റ്റേ കമ്പിയിൽ കൈ കൊണ്ടു പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. ഞായറാഴ്ച രാവിലെ പതിനൊന്നേകാലോടെയാണ് അപകടമുണ്ടായത്.

ജുനൈദിനെ രക്ഷിക്കാനായി മറ്റു കുട്ടികൾ പിടിക്കാൻ ശ്രമിച്ചെങ്കിലും ട്രാക്ടർ ഡ്രൈവറുടെ ഇടപെടൽ കാരണം അവർ രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാരെത്തി ജുനൈദിനു സിപിആർ നൽകിയ ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജുനൈദിന്റെ മൃതദേഹം തിരൂരങ്ങാടി സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാല് വർഷം മുൻപും സമാനമായ അപകടം ഈ സ്ഥലത്ത് ഉണ്ടായിട്ടുണ്ടെന്നും അന്നുതന്നെ പരാതി നൽകിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. അപകടത്തിനു കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്നും അവർ ആരോപിക്കുന്നു. വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് റിപ്പോർട്ട് തേടിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *