കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ തകർന്ന ചൂരല്‍മല പാലത്തിന് പകരമായി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി. ദുരന്തസമയത്ത് സൈന്യം നിർമ്മിച്ച ബെയ്‌ലി പാലത്തിന് സമാന്തരമായാണ് 34 കോടി രൂപ ചെലവില്‍ പുതിയ പാലം ഒരുങ്ങുന്നത്.

ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. പ്രാരംഭ ഘട്ടമെന്ന നിലയില്‍ ചൂരല്‍മല ടൗണില്‍ പാലത്തിന്റെ പൈലിങ് ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു.

ചൂരല്‍മല ടൗണില്‍ നിന്ന് ആരംഭിച്ച്‌ മറുകരയില്‍ അട്ടമല – മുണ്ടക്കൈ റോഡുകള്‍ കൂടിച്ചേരുന്ന ഭാഗത്താണ് പുതിയ പാലം അവസാനിക്കുന്നത്. ഗർഡറുകള്‍ പരസ്പരം ചേർത്തുള്ള അത്യാധുനിക ‘ബോസ്ട്രിങ്’ (Bowstring) മാതൃകയിലാണ് പാലത്തിന്റെ രൂപകല്‍പ്പന.
പുഴയുടെ മുകളില്‍ 107 മീറ്ററും ഇരു കരകളിലുമായി 80 മീറ്ററും വീതം നീളമാണ് പാലത്തിനുണ്ടാവുക. സുരക്ഷ മുൻനിർത്തി ഉയരം കൂട്ടി നിർമ്മിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റർ നീളത്തില്‍ അനുബന്ധ ഭാഗങ്ങള്‍ പണിയുന്നത്.

ഭാവിയിലുണ്ടായേക്കാവുന്ന പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാൻ പാകത്തില്‍, പുഴയിലേക്ക് തൂണുകള്‍ ഇല്ലാത്ത രീതിയിലാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്.
ദുരന്തസമയത്ത് പുന്നപ്പുഴയിലുണ്ടായ ഏറ്റവും ഉയർന്ന ജലനിരപ്പ് കൃത്യമായി തിട്ടപ്പെടുത്തിയ ശേഷം അതിനേക്കാള്‍ ഉയരത്തിലാണ് പാലം നിർമ്മിക്കുന്നത്. നാല് വർഷം കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *