2026 നവംബർ 16 തിങ്കൾ
തിരുവനന്തപുരം നഗരത്തിൽ നടന്ന വലിയ സ്വർണക്കവർച്ചയിലെ പ്രതികളെ പൊലീസിന്റെ അതിവേഗ നീക്കത്തിനൊടുവിൽ 48 മണിക്കൂറിനുള്ളിൽ പിടികൂടി. കവർച്ചയ്ക്ക് ഉപയോഗിച്ച പ്രത്യേക മോഡൽ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. പ്രതികൾ നാഗർകോവിൽ, മധുര വഴി ബെംഗളൂരുവിലേക്ക് കടക്കുകയും യാത്രാമധ്യേ മോഷ്ടിച്ച സ്വർണം മൂന്നിടങ്ങളിലായി ഒളിപ്പിക്കുകയും ചെയ്തു. സമീപകാലത്തു നഗരത്തിൽ നടന്ന ഏറ്റവും വലിയ സ്വർണക്കവർച്ചയിലെ പ്രതികളാണ് പൊലീസിന്റെ അതിവേഗ നീക്കത്തിനൊടുവിൽ പിടിയിലായത്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി.കൃഷ്ണയുടെ നേതൃത്വത്തിൽ 3 സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ഫോർട്ട് സിഐ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണു വയനാട്ടിൽനിന്നു 4 പേരെ പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി.കൃഷ്ണയുടെ നേതൃത്വത്തിൽ ഫോർട്ട് എസിപി കെ.പ്രദീപ്, സിഐ ആർ.എസ്. ശ്രീകാന്ത്, രഹസ്യ വിഭാഗം സംഘങ്ങൾ ഉൾപ്പെടെയുള്ള എസ്ഐടിയാണു പ്രതികളെ 48 മണിക്കൂറിനുള്ളിൽ പിടികൂടിയത്. ∙ സംശയിക്കുന്നവരുടെ പട്ടിക രഹസ്യ വിഭാഗത്തിന്റെയും അന്വേഷണ സംഘത്തിന്റെയും സഹായത്തോടെ തയാറാക്കി. കവർച്ചയ്ക്കുപയോഗിച്ച ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. ബൈക്ക് നമ്പർ പ്രതികൾ മാറ്റിയിരുന്നില്ല. ഇതു വഴിയാണു അന്വേഷണം ആരംഭിച്ചത്. ∙ 5 വർഷത്തിനിടെ പുറത്തിറങ്ങിയ പ്രത്യേക മോഡൽ ബൈക്കാണെന്നു കണ്ടെത്തി.
തിരുവനന്തപുരത്ത് ഏകദേശം 300 പേരുടെ കൈവശം മാത്രമാണുണ്ടായിരുന്നത്. തലസ്ഥാന ജില്ലയിൽ ഈ ബൈക്ക് വിൽക്കുന്ന ഏക സ്ഥാപനം കണ്ടെത്തി. ഈ ബൈക്ക് വിൽക്കുന്ന സ്ഥാപനത്തിൽ നിന്നു വാങ്ങിയവരുടെ പട്ടിക ശേഖരിച്ചു.12 പേരടങ്ങുന്ന പൊലീസ് സംഘം പരിശോധിച്ചു. ഇതോടെ ബൈക്കിന്റെ ഉടമ അനിലാണെന്നു സ്ഥിരീകരിച്ചു. ∙ തുടർന്ന് അനിലിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോൾ ഒന്നാം പ്രതി അനൂപ് രാജിനെ പലതവണ ബന്ധപ്പെട്ടതായി കണ്ടെത്തി. ഇതോടെ അനൂപ് രാജിന്റെ പങ്കും വ്യക്തമായി. ∙ കവർച്ചയ്ക്കു പിന്നാലെ പ്രതികൾ ബൈക്കിൽ തിരുമലയിലെത്തി. മുൻപു പദ്ധതിയിട്ടിരുന്നതു പ്രകാരം സുഹൃത്തും വിളപ്പിൽശാല പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിലുള്ളയാളുമായ ദിലീപ് അവിടെ കാറുമായി കാത്തുനിന്നു. ∙ ദിലീപിന്റെ കാറിൽ പ്രതികളെ പള്ളിച്ചലിൽ എത്തിച്ചു.
അവിടെനിന്ന് അനൂപ് രാജ് ഏർപ്പാടാക്കിയ മറ്റൊരു കാറിൽ നാഗർകോവിൽ, മധുര വഴി ബംഗളൂരുവിലേക്കു കടന്നു. ∙ പ്രതികൾക്കു സഹായം നൽകാൻ അഞ്ചാം പ്രതിയായ ശ്രാവൺ നേരത്തേ ബെംഗളൂരുവിലുണ്ടായിരുന്നു. 4 പ്രതികളിൽ ഒരാളുടെ ഫോൺ ബെംഗളൂരുവിലെത്തിയ ശേഷം ഓണായതോടെ പ്രത്യേക അന്വേഷണസംഘം അങ്ങോട്ടുതിരിച്ചു. ഇതിനിടെ ഇവർ സഞ്ചരിച്ച കാറിന്റെ നമ്പർ കണ്ടെത്തിയിരുന്നു. ∙ പ്രതികൾ സഞ്ചരിച്ച കാറിന്റെ യാത്ര പൊലീസ് പിന്തുടർന്നു. കർണാടകയിലെ ടോൾ ബൂത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു പ്രതികൾ സഞ്ചരിച്ച കാർ കടന്നു പോയതായി കണ്ടെത്തി. ∙ ബെംഗളൂരുവിൽ നിന്നു ഗുണ്ടൽപേട്ട് വഴി പ്രതികൾ നീങ്ങുന്നതിനിടെ മോഷ്ടിച്ച സ്വർണം 3 ഇടങ്ങളിലായി ഒളിപ്പിച്ചു.
