2026 നവംബർ 18 ബുധൻ
മലപ്പുറം: വിവിധ ജില്ലകളിലായി നൂറിലേറെ മോഷണക്കേസുകളില്‍ പ്രതിയായ മോഷ്ടാവിനെ മഞ്ചേരി പൊലീസ് പിടികൂടി. തേഞ്ഞിപ്പലം സ്വദേശി കിഴക്കേക്കോട്ടായി പാലക്കാട്ടു വീട്ടില്‍ സൈനുദ്ദീനാണ് (43) അറസ്റ്റിലായത്. മഞ്ചേരി നഗരത്തില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചായിരുന്നു ഇയാള്‍ മോഷണം നടത്തിവന്നിരുന്നത്. ആളില്ലാത്ത വീടുകള്‍ മാത്രം കണ്ടെത്തി മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ രീതി.ഒരു പ്രദേശത്ത് മോഷണം നടത്തിയ ശേഷം മറ്റൊരു ജില്ലയിലേക്ക് കടക്കുകയും അവിടെ ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ പതിവ്.
മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആര്‍ഭാട ജീവിതം നയിച്ചിരുന്ന പ്രതി, പൊലീസ് അന്വേഷണം ശക്തമാകുമ്പോള്‍ താമസസ്ഥലം മാറുകയായിരുന്നു. വിവിധ ജില്ലകളിലായി നൂറിലധികം കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് അറിയിച്ചു.മഞ്ചേരിയിലെ കരുവമ്പ്രം, നറുകര മേഖലകളില്‍ അടുത്തിടെ വ്യാപകമായി മോഷണം നടന്നിരുന്നു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതും സമാന രീതിയില്‍ മോഷണം നടത്തിയ സംഭവങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചതും അന്വേഷണത്തില്‍ നിര്‍ണായകമായി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സൈനുദ്ദീനെ തിരിച്ചറിഞ്ഞത്.
മോഷണം നടത്തിയ ശേഷം ജില്ലകള്‍ മാറി താമസിക്കുന്നതിനാല്‍ പ്രതിയെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക അന്വേഷണം നടത്തിവരികയായിരുന്നു. ഒടുവില്‍ മഞ്ചേരി പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. മോഷണത്തിന് ഉപയോഗിച്ച രീതികളും ഇയാള്‍ക്ക് മറ്റു ജില്ലകളിലുള്ള കേസുകളുമായുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്. മഞ്ചേരി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.ജി. ദിലീപിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ശിശിര ശശികുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഉബൈദുല്ല, സാലിം, ധനേഷ്, ബിജു, മുജീബ് എന്നിവരും സൈബര്‍ വിഭാഗവും അന്വേഷണത്തില്‍ പങ്കാളികളായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
