പടിഞ്ഞാറത്തറ പന്തിപ്പോയിലിലെ വീട്ടിൽനിന്ന് 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താംഫിറ്റമിനും പിടികൂടിയ കേസിലെ മുഖ്യപ്രതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ വാരാമ്പറ്റ നരിപ്പാറ സ്വദേശി ഐക്കാരൻ വീട്ടിൽ സുബൈർ എ.കെ (36) ആണ് അറസ്റ്റിലായത്. ഇയാൾക്ക് ഒളിത്താവളം ഒരുക്കിക്കൊടുത്ത സുഹൃത്തായ പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി കൊപ്പര വീട്ടിൽ ഷിയാസ് മുസ്തഫ (27) യെയും അറസ്റ്റ് ചെയ്തു.
2026 ഒക്ടോബർ 15-നായിരുന്നു പടിഞ്ഞാറത്തറ പന്തിപ്പോയിലിലെ ഒരു വീട്ടിൽനിന്ന് വലിയ അളവിൽ അതിമാരക മയക്കുമരുന്നുകൾ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലുള്ള ഒരു കോർട്ടേഴ്സിൽ ഒളിവിൽ കഴിയുകയായിരുന്ന സുബൈറിനെ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടി, എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് എന്നിവരടങ്ങിയ അന്വേഷണസംഘം സാഹസികമായി പിടികൂടിയത്. മുടിയും താടിയും മറ്റും നീക്കം ചെയ്ത് രൂപമാറ്റം വരുത്തിയായിരുന്നു സുബൈർ ഒളിവിൽ കഴിഞ്ഞത്. എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച സുബൈറിനെ എക്സൈസിലെ ദീർഘദൂര ഓട്ടക്കാരനായ സിവിൽ എക്സൈസ് ഓഫീസർ ഷാഫി.ഒ പിന്തുടർന്ന് ഓടിപ്പിടികൂടുകയായിരുന്നു.

രണ്ട് പ്രതികളും നേരത്തെയും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
സുബൈർ എ.കെ മാനന്തവാടി എക്സൈസ് 5.184 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടിയ കേസിലെ പ്രതിയാണ്. ഷിയാസ് മുസ്തഫ സുൽത്താൻ ബത്തേരി പോലീസ് 8.25 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലും പ്രതിയാണ്.
തുടർന്ന് ഇരുവരെയും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി. കോടതി പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
റെയിഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശശികുമാർ പി.എൻ, ജോൺ ജോസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അനിത എം എന്നിവരും പങ്കെടുത്തു.
മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *