2026 നവംബർ 19 വ്യാഴം

ജയ്പൂർ: രാജസ്ഥാനിലെ ഝാലവാർ ജില്ലയിൽ തിളച്ച കറിപ്പാത്രത്തിലേക്ക് വീണ് ഗുരുതരമായി പൊള്ളലേറ്റ മൂന്നുവയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. സെംലി ബക്ത ഗ്രാമത്തിലെ കർഷകനായ മനീഷ് മെഹറിന്റെ മകൾ ദിഷയാണ് മരിച്ചത്. സദർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മാണ്ഡ ശ്യാംപൂർ ഗ്രാമത്തിലെ അമ്മവീട്ടിൽ വെച്ചായിരുന്നു അപകടം.

ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ദാരുണമായ സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ദിഷയുടെ അമ്മ സൗരഭ് ബായി പച്ചക്കറി കറി പാകം ചെയ്ത ശേഷം ചൂടുള്ള പാത്രം അടുക്കളയുടെ തറയിൽ ഇറക്കിവെച്ച് മറ്റ് വീട്ടുജോലികളിലേക്ക് തിരിഞ്ഞതായിരുന്നു. ഈ സമയം പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അടുക്കളയിലേക്ക് ഓടിക്കയറുകയും കാൽവഴുതി തിളച്ച കറിപ്പാത്രത്തിലേക്ക് വീഴുകയുമായിരുന്നു.

അപകടത്തിന് പിന്നാലെ അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങൾ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടൻ തന്നെ ഝാലവാറിലെ എസ്ആർജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

“വ്യാഴാഴ്ച രാവിലെ എസ്ആർജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത സെക്ഷൻ 194 പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച തന്നെ കുടുംബാംഗങ്ങൾക്ക് വിട്ടുനൽകി” – സദർ സ്റ്റേഷൻ ഹൗസ് ഓഫീസർ മുഹമ്മദ് ഇബ്രാഹിം അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *