ലോക ശിശുദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സന്നദ്ധ സംഘടനയായ ‘ഗ്രാമിൻ’ നോൺ-പ്രോഫിറ്റ് ഓർഗനൈസേഷനും സംയുക്തമായി സംഘടിപ്പിച്ച ‘വയനാട് ചിൽഡ്രൻസ് സമ്മിറ്റ് 2K26’ സമാപിച്ചു. കൽപ്പറ്റ ടൗൺ ചർച്ച് ഹാളിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഇ. അയ്യൂബ്ഖാൻ ഉച്ചകോടി ഉദ്ഘാടനം ചെയ്തു. “എന്റെ ദിനം, എന്റെ അവകാശങ്ങൾ, എന്റെ ഭാവി” എന്ന ആഗോള പ്രമേയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഉച്ചകോടിയിൽ ജില്ലയിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും ഉദ്യോഗസ്ഥരും പങ്കെടുത്തു. കുട്ടികളെ കേവലം ഗുണഭോക്താക്കളായി കാണുന്നതിന് പകരം സുരക്ഷിതവും ശിശുസൗഹൃദപരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ സജീവ പങ്കാളികളായി അംഗീകരിക്കുകയും നയരൂപീകരണ വിദഗ്ധരും യുവതലമുറയും തമ്മിലുള്ള അന്തരം കുറയ്ക്കുകയുമായിരുന്നു ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
കുട്ടികളുടെ അവകാശ പ്രവർത്തകനും കോഴിക്കോട് മുക്കം ഡോൺ ബോസ്കോ കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ വി.ജെ ജെൻസൺ നിയന്ത്രിച്ച വിദ്യാർത്ഥി-ഉദ്യോഗസ്ഥ സംവാദമായിരുന്നു ഉച്ചകോടിയിലെ പ്രധാന ആകർഷണം. പ്രാദേശിക വിഷയങ്ങളിൽ തങ്ങൾക്കുള്ള കൃത്യമായ അവബോധം പ്രകടമാക്കിക്കൊണ്ട് ഓരോ സ്കൂളിലെയും പ്രതിനിധികൾ വിവിധ വകുപ്പ് മേധാവികളടങ്ങുന്ന പാനലിനോട് നേരിട്ട് ചോദ്യങ്ങൾ ഉന്നയിച്ചു. കുട്ടികളുടെ സുരക്ഷ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, പൊതുഗതാഗതം, ആരോഗ്യം, ആദിവാസി ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങളിലാണ് വിദ്യാർത്ഥികൾ സംശയങ്ങളും നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചത്.
ഡി.എൽ.എസ്.എ വയനാട് സെക്രട്ടറിയും സിവിൽ ജഡ്ജുമായ ആര് അനിത, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി ബിജു, നാർക്കോട്ടിക് സെൽ ആന്‍ഡ് ജെൻഡർ ജസ്റ്റിസ് ഡി.വൈ.എസ്.പി ആര് മനോഹരൻ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ പി.ആര് സുമേഷ്, വിമുക്തി മാനേജർ ആന്‍ഡ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സജിത്ത് ചന്ദ്രൻ, ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.കെ ഷീജ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ കാർത്തിക അന്ന തോമസ്, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് എന്‍.എ ജയരാജൻ, ഐ.ടി.ഡി.പി സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പി.ആര് രാജേന്ദ്രൻ, ഗ്രാമിൻ ഡയറക്ടർ റീന വർഗീസ്, എന്നിവർ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
