2026 നവംബർ 21 ശനി
റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്തുന്നതിനായി നടത്തിയ സംയുക്ത പരിശോധനകളിൽ ഒരാഴ്ചക്കിടെ 10,800 പേർ പിടിയിലായി. നവംബർ 12 മുതൽ 18 വരെ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നടന്ന പരിശോധനകളുടെ പ്രതിവാര റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടത്.
പിടിയിലായവരിൽ 5,718 പേർ താമസ നിയമം ലംഘിച്ചവരും, 2,797 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും, 2,268 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. കൂടാതെ, നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,373 പേരെയും രാജ്യം വിടാൻ ശ്രമിച്ച 28 പേരെയും സുരക്ഷാ സേന പിടികൂടി. നിയമലംഘകർക്ക് താമസസൗകര്യവും ജോലിയും യാത്രാസൗകര്യവും നൽകുകയും അവരെ ഒളിപ്പിക്കുകയും ചെയ്ത 14 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 2,211 സ്ത്രീകൾ ഉൾപ്പെടെ ആകെ 41,000 നിയമലംഘകരായ പ്രവാസികളാണ് നിലവിൽ വിവിധ ശിക്ഷാ-നിയമ നടപടികൾക്ക് വിധേയരാകുന്നത്.
അതിർത്തി സുരക്ഷാ നിയമം ലംഘിക്കുന്നവർക്ക് രാജ്യത്തേക്ക് കടക്കാൻ സൗകര്യമൊരുക്കുകയോ, യാത്രാസൗകര്യവും താമസവും നൽകുകയോ, ഏതെങ്കിലും തരത്തിൽ സഹായിക്കുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുന്നതിനൊപ്പം കുറ്റക്കാരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യും.
