2026 നവംബർ 22 ഞായർ

മലപ്പുറം: മെർക്കുറി സാന്നിധ്യമുള്ള ഫെയർനെസ് ക്രീം ഉപയോഗിച്ചതിലൂടെ പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ചതിൽ എഫ്ട്യൂൺ എന്ന കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്. പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. അമിത മെർക്കുറി സാന്നിധ്യമുള്ള ക്രീമിന്റെ ഇരയായി, താനും മെമ്പ്രാനസ് നെഫ്രോപ്പതി ബാധിതനായെന്ന് മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ പറഞ്ഞിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട പെൺകുട്ടിയിൽ നിന്ന് മൂന്ന് മണിക്കൂറോളം നീണ്ട വിശദമായ മൊഴിയെടുത്തതിനുശേഷമാണ് ഫേസ്ട്യൂൺ എന്ന ഫെയർനെസ് ക്രീമിനെതിരെ അരീക്കോട് പൊലീസ് കേസെടുത്തത്. കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ക്രീം ഉപയോഗിക്കുന്ന മറ്റുള്ളവരെങ്കിലും രക്ഷപ്പെടട്ടെ എന്നും പെൺകുട്ടി പറയുന്നു.

താനും ഒരു മെർക്കുറി നിർമിത ഫേസ് ക്രീമിന്റെ ഇരയാണെന്ന് വെളിപ്പെടുത്തി പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂരും ഇന്ന് രാവിലെ രംഗത്തെത്തിയിരുന്നു. സുഹൃത്ത് പരിചയപ്പെടുത്തിയ ക്രീം ഉപയോഗിച്ചതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായി സലീം കോടത്തുർ പറഞ്ഞു. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കളും പ്രോട്ടീൻ പൊടികളും വിൽക്കുന്നത് തടയാൻ വ്യാപക പരിശോധനയ്ക്ക് ആരോഗ്യമന്ത്രി കെ.മുരളീധരൻ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശമുണ്ട്. എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താന്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് മന്ത്രി മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി.

അംഗീകാരമില്ലാത്ത ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കും. മംഗലാപുരം – കാസര്‍കോട് കേന്ദ്രീകരിച്ച് ഇത്തരം വസ്തുക്കള്‍ സംസ്ഥാനത്ത് ഓണ്‍ലൈനായി വിറ്റഴിക്കുന്നതായാണ് വിവരം. വൃക്ക, കരള്‍, ഞരമ്പ് സംബന്ധമായ രോഗങ്ങള്‍ക്കും സ്‌കിന്‍ കാന്‍സറിനും ഇത്തരം വസ്തുക്കള്‍ കാരണമാകുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. പാകിസ്താന്‍ വഴിയെത്തുന്ന ഇത്തരം പല വസ്തുക്കളില്‍ നിര്‍മ്മാതാക്കളുടെ പേര്, നിര്‍മ്മാണ തീയതി, കാലാവധി എന്നിയൊന്നും രേഖപ്പെടുത്താറില്ലെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *