2026 നവംബർ 26 വ്യാഴം
കോഴിക്കോട് ∙ പാലക്കാട് തൃത്താല പരതൂർ പള്ളിപ്പുറം സ്‌കൂളിലെ ക്ലാസ് മുറിയിൽ സഹപാഠിക്കു നേരെ വെടിയുതിർത്ത ഒൻപതാം ക്ലാസ് വിദ്യാർഥിയെ കോഴിക്കോട്ടെ ജുവനൈൽ ഹോമിലേക്ക് മാറ്റി. ഡിസംബർ അഞ്ച് വരെയാണ് കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് കുട്ടിയെ മാറ്റിയത്. സംഭവത്തിൽ വിദ്യാർഥിക്ക് തോക്ക് ലഭിച്ചതെങ്ങനെ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.
പരുതൂർ ഹയർ സെക്കൻഡറി സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഉണ്ടാകും. തെളിവെടുപ്പിന്റെ ഭാഗമായി, വെടിയേറ്റ സഹപാഠിയുടെ ശരീരത്തിൽനിന്ന് നീക്കം ചെയ്ത വെടിയുണ്ട തൃത്താല പൊലീസ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ശേഖരിക്കും. പരുക്കേറ്റ വിദ്യാർഥി ഒരു ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. കുട്ടിയുടെ പക്കൽനിന്ന് പോയിന്റ് 22 റിവോൾവർ ആണ് പൊലീസ് പിടിച്ചെടുത്തത്. ഇത് ലൈസൻസില്ലാത്ത നാടൻ തോക്കാണെന്നും ഉത്തരേന്ത്യയിൽ നിർമിച്ചതാണെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തോക്കിനുള്ളിൽനിന്ന് ലഭിച്ചത് പഞ്ചാബിൽ നിർമിച്ച വെടിയുണ്ടയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മുത്തച്ഛന്റെ തോക്കാണിതെന്നും അലമാരയിൽ സൂക്ഷിച്ചിരുന്നതാണെന്നുമാണ് ലഭിച്ച മൊഴി. തൃത്താല എസ്ഐ എം.എസ്.സത്യജിത്താണ് കേസ് അന്വേഷിക്കുന്നത്. കുട്ടിയുടെ പക്കൽ തോക്ക് എങ്ങനെ എത്തിയെന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയുടെ മാതാവിനെതിരെ ആംസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. ലൈസൻസില്ലാത്തതും നിയമപ്രകാരം കൈവശം വയ്ക്കാൻ പാടില്ലാത്തതുമായ നാടൻതോക്ക് വീട്ടിൽ സൂക്ഷിച്ചതിനാണു നടപടി. കുറ്റം തെളിഞ്ഞാൽ രണ്ടു മുതൽ അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

