2026 നവംബർ 26 വ്യാഴം
തെല്‍ അവീവ്: 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചകള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര അന്വേഷണ കമ്മീഷന് രൂപീകരിക്കുന്നതിനുള്ള നീക്കവുമായി ഇസ്രായേല്‍ പാര്‍ലമെന്റ്. ഇതുസംബന്ധിച്ച ബില്ലിന് പാര്‍ലമെന്റ് പ്രാഥമിക അനുമതി നല്കി. 65 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 50 പേര് ഇതിനെ എതിര്‍ത്തു. കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഏറെക്കാലമായുള്ള എതിര്‍പ്പ് മറികടന്നാണ് പാര്‍ലമെന്റിന്റെ ഈ നീക്കം. പുതിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ ഇനി ബന്ധപ്പെട്ട സമിതിയുടെ പരിഗണനയ്ക്ക് വിടും. തുടര്‍ന്ന് മൂന്ന് ഘട്ടങ്ങളിലായി കൂടി വോട്ടെടുപ്പ് നടക്കണം. ഈ കടമ്പകള്‍ കൂടി വിജയകരമായി മുന്നോട്ടുപോയെങ്കില് മാത്രമേ ബില്‍ നിയമമാകുകയുള്ളൂ.
അഞ്ച് അംഗങ്ങളടങ്ങുന്ന അന്വേഷണ കമ്മീഷന് രൂപീകരിക്കാനാണ് ബില്ലിലെ നിര്‍ദേശം. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഏഴ് ദശലക്ഷം ഇസ്രായേല്‍ ഷെക്കല്‍ നീക്കിവെക്കാനും നിര്‍ദേശമുണ്ട്. കമ്മീഷന് രൂപീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ചകളും, അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും അന്വേഷിക്കുകയാണ് കമ്മീഷന്റെ പ്രധാന ലക്ഷ്യം. 2014ലെ ഗസ്സ യുദ്ധം അവസാനിച്ചതുമുതലുള്ള സംഭവങ്ങളും 2026 ജനുവരിയില്‍ അവസാന ബന്ദിയുടെ മൃതദേഹം തിരിച്ചെത്തിക്കുന്നതുവരെയുള്ള കാര്യങ്ങളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടും. നേരത്തെ, ഒക്ടോബര്‍ ഏഴിലെ ആക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ നെതന്യാഹു സ്വതന്ത്ര കമ്മീഷന് രൂപീകരിക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പറിയിച്ചിരുന്നു.
പകരം, രാഷ്ട്രീയ നേതൃത്വത്തിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ സമിതി മതിയെന്ന നിലപാടാണ് നെതന്യാഹു മുന്നോട്ടുവെച്ചിരുന്നത്. ഈ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് പാര്‍ലമെന്റിന്റെ പുതിയ നീക്കം. അതേസമയം, സ്വതന്ത്ര അന്വേഷണത്തിലൂടെ മാത്രമേ അന്നത്തെ സുരക്ഷാ വീഴ്ചകളുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകൂവെന്നാണ് ബില്ലിനെ പിന്തുണക്കുന്നവരുടെ നിലപാട്. ഇസ്രായേല്‍ പൗരന്മാരുടെ ജീവിതം പഴയ പടിയിലാക്കുന്നതിനായുള്ള തുടക്കമാണിതെന്ന് ബില്‍ അവതരിപ്പിച്ച യാഷര്‍ പാര്‍ട്ടിയിലെ ഒറിറ്റ് ഫര്‍കാഷ് ഹക്കോഹെന് പ്രതികരിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 27ന് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ ഇസ്രായേൽ പാര്‍ലമെന്റില്‍ അധികാര സമവാക്യങ്ങള്‍ മാറിയതാണ് ബില്‍ മുന്നോട്ടുകൊണ്ടുപോകുന്നത് എളുപ്പമാക്കിയത്.
ഗാഡി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് അന്വേഷണ കമ്മീഷന് രൂപീകരിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചത്. നവംബര്‍ എട്ടിനാണ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിനെ ചുമതലപ്പെടുത്തിയിരുന്നത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ 1200ലേറെ പേര് കൊല്ലപ്പെടുകയും 250ലേറെ പേര് ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചകളിലൊന്നായി വിലയിരുത്തപ്പെടുന്ന ആക്രമണത്തെക്കുറിച്ച് അന്വേഷണം നടക്കണമെന്ന് അന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാഗംങ്ങളില്‍ നിന്നടക്കം പല സമയങ്ങളിലായി ആവശ്യമുയര്‍ന്നിരുന്നു.
