കല്‍പറ്റ: മണ്ണില്‍ നടാതെ ഇഞ്ചി കൃഷി ചെയ്യുന്ന വിദ്യ വികസിപ്പിച്ച് മറുനാടന്‍ മലയാളി കര്‍ഷക കൂട്ടായ്മ എന്‍എഫ്പിഒ (നാഷണല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യുസേഴ്‌സ് ഓര്‍ഗനൈസേഷന്‍). ഗ്രോബാഗുകളില്‍ ചകിരിച്ചോറ് നിറച്ച് ഇഞ്ചി കൃഷി ചെയ്യുന്ന രീതിയാണ് എന്‍എഫ്പിഒ വികസിപ്പിച്ചത്. കര്‍ണാടകയിലെ നഞ്ചന്‍കോട് സംഘടന പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കൃഷി വന്‍ വിജയമായി. ‘മണ്ണില്ലാക്കൃഷി’ എന്ന് നാമകരണം ചെയ്ത കൃഷിരീതി കര്‍ഷകരെ പരിചയപ്പെടുത്താനുള്ള ഒരുക്കത്തിലാണ് എന്‍എഫ്പിഒ. നൂതന കൃഷിരീതിയില്‍ ഒക്ടോബര്‍ ആദ്യവാരം നഞ്ചന്‍കോട് കര്‍ഷകര്‍ക്ക് ക്ലാസ് നല്‍കുമെന്ന് എന്‍എഫ്പിഒ ചെയര്‍മാന്‍ ഫിലിപ് ജോര്‍ജ്, ചീഫ് കോ ഓര്‍ഡിനേറ്റര്‍ തോമസ് മിറര്‍ എന്നിവര്‍ പറഞ്ഞു.
പരമ്പരാഗത രീതിയെ അപേക്ഷിച്ച് ചെലവേറുമെങ്കിലും ഉയര്‍ന്ന ഉൽപാദനം ലഭിക്കുന്നതാണ് മണ്ണില്ലാ ഇഞ്ചിക്കൃഷി. പ്രയോഗിക്കുന്ന വളവും വെള്ളവും ഗ്രോബാഗിനു പുറത്തുപോകാത്തതാണ് ഉയര്‍ന്ന ഉൽപാദനത്തിനു സഹായകമാകുന്നത്. മണ്ണില്‍ നടുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ മണ്ണില്ലാക്കൃഷിക്ക് കുറഞ്ഞ അളവില്‍ വെള്ളവും വളവും കീടനാശികളും മതിയാകും. തുള്ളിനന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് വെള്ളം-വളം-കീടനാശിനിപ്രയോഗം.
ഒരു ഏക്കറില്‍ ഏകദേശം എട്ട് ലക്ഷം രൂപയാണ് മണ്ണില്ലാ ഇഞ്ചിക്കൃഷിക്ക് ചെലവ്. 22 ലിറ്റര്‍ ശേഷിയുള്ള 20,000 ബാഗുകളില്‍ കൃഷി നടത്താന്‍ ഒരേക്കര്‍ സ്ഥലം മതിയാകും. ഇത്രയും ബാഗുകളില്‍ നടുന്നതിന് 30 ചാക്ക് (1,800 കിലോഗ്രാം) ഇഞ്ചി വിത്താണ് വേണ്ടത്. ആറ് കിലോഗ്രാം ചകരിച്ചോറാണ് ഒരു ബാഗില്‍ നിറയ്ക്കുന്നതിന് ആവശ്യം. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ചകിരിച്ചോര്‍ കുറഞ്ഞ വിലയില്‍ സുലഭമാണ്.
ഒരേസ്ഥലത്ത് തുടര്‍ച്ചയായി ഇഞ്ചിക്കൃഷി ചെയ്യാമെന്നത് മണ്ണില്ലാക്കൃഷിയുടെ സവിശേഷതയാണ്. ഒരു ബാഗിലെ ചെടിയില്‍ കീട-രോഗ ബാധ കണ്ടാല്‍ അപ്പാടെ നീക്കം ചെയ്ത് മറ്റു ബാഗുകളിലെ ചെടികളുടെ സംരക്ഷണം ഉറപ്പുവരുത്താമെന്നതും പ്രത്യേകതയാണ്. മണ്ണില്ലാക്കൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന ഇഞ്ചിയുടെ ഗുണനിലവാരം സാധാരണരീതിയില്‍ വിളയിക്കുന്നതിനേക്കാള്‍ വളരെ ഉയര്‍ന്നതാണ്. ഗ്രോബാഗും ചകിരിച്ചോറും വിത്തും വളവും ഡ്രിപ് ഇറിഗേഷന്‍ ഉപകരണങ്ങളും ആവശ്യപ്പെടുന്ന മുറയ്ക്ക് എന്‍എഫ്പിഒ
കര്‍ഷകര്‍ക്ക് ലഭ്യമാക്കും.
