ക്രിമിനൽ നേതൃത്വത്തിന്‌ കീഴിൽ ജില്ലയിൽ കോൺഗ്രസ്‌ കൊലയാളി സംഘമായെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. മുള്ളൻകൊല്ലി പഞ്ചായത്ത്‌ അംഗവും കോൺഗ്രസ്‌ നേതാവുമായ ജോസ്‌ നേല്ലേടത്തിന്റെ മരണം ഞെട്ടിക്കുന്നതാണ്‌. അധികാരത്തിനും പണത്തിനുംവേണ്ടിയുള്ള നേതാക്കളുടെ പോരിന്റെ ഒടുവിലത്തെ ഇരയാണ്‌ ജോസ്‌. മുള്ളൻകൊല്ലി പഞ്ചായത്ത്‌ രാണ്ടാം വാർഡ്‌ പ്രസിഡന്റ്‌ തങ്കച്ചനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിന്റെ തുടർച്ചയാണ്‌ ജോസ്‌ നെല്ലേടത്തെ മരണത്തിലേക്ക്‌ തള്ളിവിട്ടതെന്നാണറിയുന്നത്. നേതാക്കളുടെ ചതിയിൽ കുടുങ്ങിയാണ്‌ ജോസിന്‌ ജീവനൊടുക്കേണ്ടി വന്നതെന്നാണ്‌ പുറത്തുവരുന്ന വിവരം.
പ്രവർത്തകരെ നിരന്തരം കുരുതികൊടുക്കുകയാണ്‌ കോൺഗ്രസ്. നേതാക്കളുടെ സാമ്പത്തീക തട്ടിപ്പിൽ കുരുങ്ങി ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയതിന്റെ ഞെട്ടൽ മാറുംമുമ്പാണ്‌ പഞ്ചായത്ത്‌ അംഗത്തിനും ആത്മഹത്യ ചെയ്യേണ്ടിവന്നത്‌. വാർഡ്‌ പ്രസിഡന്റിനെതന്നെ കള്ളക്കേസിൽ ജയിലിലടച്ചതിന്റെ ഉത്തരവാദിത്വം നേതാക്കൾ ജോസിന്റെ തലയിലിടുമെന്ന്‌ വന്നതോടെയാണ്‌ അദ്ദേഹം ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന വിവരം. ഡിസിസി പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി, ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ എന്നിവരുൾപ്പെടെയുള്ളവർ ചേർന്നാണ്‌ ജയിലിലടപ്പിച്ചതെന്നും ക്വാറി മാഫിയയിൽനിന്ന്‌ പണം വാങ്ങിയത്‌ ചോദ്യം ചെയ്‌തതിലുള്ള വൈരാഗ്യമാണ്‌ കള്ളക്കേസിൽ കുടുക്കാൻ കാരണമെന്നുമാണ്‌ തങ്കച്ചൻ പറഞ്ഞത്‌.
മാനന്തവാടിയിലെ മുതിർന്ന നേതാവും ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റുമായിരുന്ന പി വി ജോൺ മുൻപ്‌ കോൺഗ്രസ്‌ ഓഫീസിൽതന്നെ ജീവനൊടുക്കിയതാണ്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ നേതാക്കൾ കാലുവാരി തോൽപ്പിച്ചതിനെ തുടർന്നായിരുന്നു മരണം. പുൽപ്പള്ളിയിൽ നേതാക്കൾ സാമ്പത്തീക തട്ടിപ്പിൽ കുരുക്കിയ കർഷകനും കോൺഗ്രസ്‌ പ്രവർത്തകനുമായിരുന്ന രാജേന്ദ്രൻ നായർക്കും ജീവനൊടുക്കേണ്ടിവന്നു. ജില്ലയിലെ കോൺഗ്രസാകെ കൊലയാളി കൂട്ടമായി. ക്രിമിനലുകളും ക്രിമിനൽ മനസ്സുള്ളവരുമാണ്‌ നേതൃത്വത്തിൽ. സാധരണക്കാരായ പാർടി പ്രവർത്തകരെ കൊലയ്‌ക്ക്‌ കൊടുക്കുകയാണ്‌. ഇവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. സാമ്പത്തീക നേട്ടത്തിനും അധികാരത്തിനുമായി ക്രിമിനൽ സംഘമായ നേതാക്കളെ ജനങ്ങൾ തിരിച്ചറിയണമെന്നും സി പി ഐ എം ‌ പ്രസ്‌താവനയിൽ പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *