പുൽപ്പള്ളി: ശ്രീനാരായണീയ സമൂഹത്തിന് ആത്മീയ നേതൃത്വം ഇല്ലെന്ന് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന പൊറുക്കാനും ക്ഷമിക്കാനും കഴിയാത്തതാണെന്ന് ഗുരുധർമ്മ പ്രചരണ മാതൃസഭയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി പുഷ്പവല്ലി പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് പുൽപ്പള്ളിയിൽ മാതൃസഭയുടെ നേതൃത്വത്തിൽ നടത്തിയ പ്രാർത്ഥനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത സമൂഹ പുന:സൃഷ്ടിക്ക് വഴിതെളിച്ച ശ്രീനാരായണ ഗുരുദേവനാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ശ്രീനാരായണീയരുടെ ആത്മപ്രകാശം. ഗുരുവിൻ്റെ സന്യസ്തശിഷ്യ പരമ്പരയിൽ ശ്രീനാരായണ ധർമ്മ സംഘത്തിന്റെ പ്രസിഡണ്ട് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളും സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികളും നൽകുന്ന ആത്മീയ നേതൃത്വം ഇന്ത്യയ്ക്ക് അകത്തും പുറത്തും ശ്രീനാരായണ ധർമ്മം മാനവിക ജീവിതത്തിൽ എങ്ങനെ പ്രയോഗവൽക്കരിക്കണമെന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ശ്രീനാരായണീയ ദർശനങ്ങൾ ലോകമെമ്പാടും മാനവരാശിയുടെ ശാന്തിമന്ത്രമായി മാറുന്ന കാലഘട്ടത്തിൽ, ആത്മീയ അടിത്തറ ഇല്ലാത്ത സമൂഹം എന്ന നിലയ്ക്ക് ശ്രീനാരായണീയരെ അവഹേളിക്കുന്ന വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന്റെ സെക്രട്ടറി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും, എസ്‌എൻഡിപി യോഗത്തിന് നേതൃസ്ഥാനത്തുനിന്ന് രാജിവെച്ച് മാറിനിൽക്കാൻ അദ്ദേഹം തയ്യാറാകണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ഗുരുധർമ്മപ്രചരണ സഭയുടെ ജില്ലാ പ്രസിഡണ്ട് കെ ആർ ജയരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ എൻ ചന്ദ്രബാബു ട്രഷറർ സത്യൻ ചുള്ളിയോട് ഭാരവാഹികളായ കെ എൻ ചന്ദ്രൻ കുഴുപ്പിൽ സരസു നാരായണൻകുട്ടി നിഷ രാജൻ പി ബി സജിനി കെ ആർ ഗോപി എം വി ബാബു കെ ജി അരുൺ സി എൻ പവിത്രൻ ടി കെ വിശ്വംഭരൻ എന്നിവർ സംസാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *