തൃക്കൈപ്പറ്റ : ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മുട്ടിൽ ഡബ്ല്യു. എം. ഒ ആർട്സ് ആൻഡ് സയൻസ് കോളജിലെ എം. എസ്. ഡബ്ല്യു ഒന്നാം വർഷ വിദ്യാർഥികൾ തൃക്കൈപ്പറ്റ ഗവ. ഹൈസ്കൂളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാർഥികളിൽ മാനസികാരോഗ്യ ബോധം വളർത്തുക, മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക തുടങ്ങിയ ലക്‌ഷ്യം മുൻനിർത്തി നടത്തിയ പരിപാടി, സീനിയർ ടീച്ചിങ് അസിറ്റന്റ് റിനിയുടെ അധ്യക്ഷതയിൽ സ്കൂൾ പി ടി എ പ്രസിഡന്റ് വിജയൻ ഉദ്‌ഘാടനം ചെയ്തു. സോഷ്യൽ വർക്ക് വിഭാഗം അധ്യാപകരായ അബ്ദുൽ ഗഫൂർ, ഫർഹാന, സോഷ്യൽ വർക്ക് വിദ്യാർഥികളായ അബ്ദുൽ ഫഹദ്, ലിയാന എന്നിവർ ചടങ്ങിൽ സംസാരിച്ചു. കൽപറ്റ ജനറൽ ഹോസ്പിറ്റൽ അഡോളസെന്റ് ഹെൽത്ത് കൗൺസിലർ ശ് മേഘ്ന പി എസ് കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി. അനുബന്ധമായി ഫ്ലാഷ് മോബ്, മൂകാഭിനയം കുട്ടികളുടെ വിവിധ കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു.
