മാനന്തവാടി: കോൺഗ്രസ് ഭരിക്കുന്ന തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ദുർഭരണവും സ്വജന പക്ഷപാതവും ആണെന്ന് ആരോപിച്ച് ബി.ജെ.പി തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേയ്ക്കു മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മധു അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഭരണ സമിതി എല്ലാ രംഗങ്ങളിലും അഴിമതിയും , കെടുകാര്യസ്ഥതയുമാണ് കാണിക്കുന്നത്. ജനക്ഷേമ പദ്ധതികൾക്കായുള്ള ഫണ്ടുകൾ ലാപ്സാകുന്ന അവസ്ഥയാണുള്ളത്. റോഡുകളുടേയും പാലങ്ങളുടേയും ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള യാതൊരു നടപടിയും ഭരണ സമിതിയുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ല.തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ പണം തട്ടിയെടുക്കുന്നതു വിവരാവകാശ രേഖ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടെന്നും .അത് തിരിച്ചടപ്പിക്കുന്നതു വരെ ബി.ജെ.പി ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും സമരം ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ പറഞ്ഞു. ഇടതു വലതു മുന്നണികളുടെ പണിയാളുകളായി പഞ്ചായത്തുദ്യോഗസ്ഥൻമാർ അഴിമതിക്ക് കൂട്ടുനിൽക്കുന്ന പ്രവർത്തനം തുടർന്നാൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തെരുവിൽ നേരിടേണ്ടി വരുന്ന അവസ്ഥ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വികസന സമിതിയുടെ തീരുമാനങ്ങൾ കടലാസിലൊതുക്കുകയാണെന്നും , ഭരണ സമിതിയുടെ അഴിമതികൾ വിജിലൻസ് അന്വേഷിക്കണമെന്നുമാണ് ബി.ജെ.പി ആവശ്യപ്പെടുന്നതെന്നും സമരത്തിൽ പങ്കെടുത്തു സംസാരിച്ച ജില്ലാ കമ്മറ്റി അംഗം ഇ. മാധവൻ പറഞ്ഞു. മേഖല സെക്രട്ടറി കണ്ണൻ കണിയാരം, എസ്.ടി മോർച്ച സംസ്ഥാന സെക്രട്ടറി മഹേഷ് വാളാട്, എസ്.സി മോർച്ച സംസ്ഥാന സെക്രട്ടറി കെ. ശരത്ത് കുമാർ , സുമ രാമൻ, ഗിരീഷ് കട്ടക്കളം, അഭിലാഷ്, ശശിധരൻ എന്നിവർ സംസാരിച്ചു.
