കൽപ്പറ്റ: വയനാട് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നെന്ന് അന്വേഷണ റിപ്പോർട്ട്. ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ (ജെ.പി.സി.) നടത്തിയ വിശദമായ അന്വേഷണത്തിൽ 2.09 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തി.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പഞ്ചായത്തിൽ നടപ്പിലാക്കിയ 1063 പ്രവൃത്തികളുടെ ഫയലുകൾ പരിശോധിച്ചാണ് തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്തിയത്. 600-ൽ അധികം പ്രവൃത്തി സ്ഥലങ്ങളിൽ നേരിട്ടുള്ള പരിശോധനയും അന്വേഷണ സംഘം പൂർത്തിയാക്കി. ഏഴ് കരാറുകാർക്ക് തട്ടിപ്പിൽ പങ്കുള്ളതായും റിപ്പോർട്ടിൽ സൂചനയുണ്ട്.

ഒന്നര മാസം മുൻപ് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് ജെ.പി.സി. തല അന്വേഷണം ആരംഭിച്ചത്. അന്വേഷണ സംഘം വിശദമായ റിപ്പോർട്ട് ഈ മാസം 21-ന് സമർപ്പിക്കും.

തൊഴിലുറപ്പ് പദ്ധതിയിലെ കോടികളുടെ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ ക്രൈംബ്രാഞ്ചും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ 8 എഫ്.ഐ.ആറുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിലെ മുഖ്യപ്രതികളിലൊരാളായ മുൻ അക്രഡിറ്റഡ് എൻജിനീയർ ജോജോ ജോൺ ഇപ്പോഴും ഒളിവിലാണ്.

സി.പി.എം. ഭരിക്കുന്ന പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്ക് പുറമെ, ജനപ്രതിനിധികൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് യു.ഡി.എഫും ബി.ജെ.പിയും ആരോപിച്ചു. തട്ടിപ്പിൽ ഉൾപ്പെട്ട മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *