പുൽപ്പള്ളി : പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പ വിതരണത്തില്‍ നടത്തിയ ക്രമക്കേടുകള്‍മൂലം കടക്കെണിയിലായെന്ന് അവകാശപ്പെട്ട് കേളക്കവല പറമ്പേക്കാട്ടില്‍ ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികളും 2023ല്‍ ആത്മഹത്യ ചെയ്ത ചെമ്പകമൂല കിഴക്കേ ഇളയിടത്ത് രാജേന്ദ്രന്‍ നായരുടെ കുടുംബവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രഹാമിന്റെ ചുണ്ടക്കൊല്ലിയിലെ വസതിക്കുമുമ്പില്‍ നടത്തിയ സത്യഗ്രഹത്തിനു പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളെന്ന്. പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ പുല്‍പ്പള്ളി കാപ്പിക്കുന്ന് കെ.എം. മനോജ് വാര്‍ത്താസമ്മേളനത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്.
കെപിസിസി പുനഃസംഘടനയുടെയും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലായിരുന്നു ഏബ്രഹാമിന്റെ വീടിനു മുമ്പില്‍ പന്തല്‍ കെട്ടിയുള്ള സമരം. വായ്പ വിതരണത്തിലെ ക്രമക്കേടുകളുടെ പേരില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ. ഏബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വിജിലന്‍സും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കോടതിയില്‍ നടന്നുവരികയാണ്. ബാങ്കിനുണ്ടായതായി കണ്ടെത്തിയ നഷ്ടം നികത്തുന്നതിന് സഹകരണ വകുപ്പ് പുറപ്പെടുവിച്ച സര്‍ച്ചാര്‍ജ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കയാണ്. രാജേന്ദ്രന്‍നായരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടും സ്വകാര്യ പരാതിയിലും ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളും കോടതിയുടെ പരിഗണനയിലാണ്.
കടങ്ങള്‍ എഴുതിത്തള്ളി പണയവസ്തുവിന്റെ പ്രമാണങ്ങള്‍ തിരികെ നല്‍കുക, ശാരീരിക, മാനസിക പീഡനത്തിന് നഷ്ടപരിഹാരം അനുവദിക്കുക, വായ്പ ക്രമക്കേടിലെ മുഴുവന്‍ ഇരകള്‍ക്കും നീതി ലഭ്യമാക്കുക, രാജേന്ദ്രന്‍ നായരുടെ ആശ്രിതനു ബാങ്കില്‍ ജോലി നല്‍കുമെന്ന വാഗ്ദാനം പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഏബ്രഹാമിന്റെ വീടിനു മുമ്പില്‍ സമരം സംഘടിപ്പിച്ചത്. ഈ ആവശ്യങ്ങളൊന്നും ബാങ്ക് മുന്‍ പ്രസിഡന്റു മാത്രമായ ഏബ്രഹാമിനു പരിഹരിക്കാന്‍ കഴിയുന്നതല്ല. കേസുകള്‍ കോടതിയിലിരിക്കേ സമരം പ്രശ്‌നപരിഹാരത്തിന് ഉതകുന്നല്ല. കുറ്റാരോപിതനെങ്കിലും ഏബ്രഹാമിന്റെ വീടിനു മുമ്പില്‍ നടന്ന സമരം അദ്ദേഹത്തിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ് സമരക്കാര്‍ ചെയ്തത്.
ആത്മഹത്യ ചെയ്ത രാജേന്ദ്രന്‍ നായര്‍ തന്റെ ബന്ധുവാണ്. അദ്ദേഹത്തെ വിഷം അകത്തുചെന്നു മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം മൃതദേഹം പോസ്റ്റുമോട്ടത്തിനു കൊണ്ടുപോകുന്നതിനുപോലും സഹകരിക്കാത്തവരാണ് കുടുംബത്തെ സമരത്തിന് ഇറക്കിയത്. കടക്കെണിയില്‍ അകപ്പെട്ടതിലുള്ള മനോവ്യഥയാണോ രാജേന്ദ്രന്‍ നായരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതില്‍ തനിക്ക് വ്യക്തതയില്ല. രാജേന്ദ്രന്‍ നായരുടെ കടം എഴുതിത്തള്ളുമെന്നും ആശ്രിതന് ബാങ്കില്‍ ജോലി നല്‍കുമെന്നും കുടുംബത്തിന് ആരെങ്കിലും ഉറപ്പുനല്‍കിയതായി അറിവില്ല. രാജേന്ദ്രന്‍ നായരുടെ മരണത്തെക്കുറിച്ച് മകന്‍ പോലീസില്‍ വിവരം നല്‍കുമ്പോഴോ തുടര്‍ന്നുള്ള ദിവസങ്ങളിലോ ഇല്ലാതിരുന്ന ആരോപണമാണ് പിന്നീട് ഏബ്രഹാമിനെതിരേ ഉന്നയിച്ചത്. ആത്മഹത്യ പ്രേരണയ്ക്കും 2022ല്‍ ഡാനിയേല്‍ ദമ്പതികള്‍ നല്‍കിയ പരാതിയിലും ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അറസ്റ്റിലായ ഏബ്രഹാം 43 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞതാണ്. ഡാനിയേല്‍ ദമ്പതികളുടെ പരാതിയില്‍ മാസങ്ങള്‍ കഴിഞ്ഞ് രാജേന്ദ്രന്‍ നായരുടെ ആത്മഹത്യ വിവാദമായശേഷമാണ് പോലീസ് കേസെടുത്തത്. ഇഡി കേസിലും ഏബ്രഹാം മാസത്തിലധികം റിമാന്‍ഡിലായിരുന്നു.
വായ്പ ക്രമക്കേട് ഇരകളില്‍പ്പെട്ട പറമ്പേക്കാട്ട് സാറാക്കുട്ടി പുല്‍പ്പള്ളി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തിവരികയാണ്. ഏബ്രഹാമിന്റെ വീടിനു മുമ്പിലെ സമരം അവസാനിപ്പിച്ചശേഷമാണ് ഇവര്‍ നിരാഹാര സത്യഗ്രഹം തുടങ്ങിയത്. രാഷ്്ട്രീയ താത്പര്യത്തിനു കുതന്ത്രങ്ങള്‍ പയറ്റുന്നവരുടെ ബലിയാടാണ് ഇവര്‍. വായ്പ വിതരണത്തില്‍ ക്രമക്കേട് നടത്തിയവര്‍ക്കെതിരേ നടപടിയും ഇരകള്‍ക്ക് നീതിയും ആവശ്യപ്പെട്ട് മുമ്പ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ബാങ്കിനു മുമ്പില്‍ നടന്ന സമരത്തില്‍ 95 ദിവസം താന്‍ പങ്കെടുത്തിട്ടുണ്ടെന്നും ബത്തേരി ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ മനോജ് പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *