കൽപറ്റ: പട്ടികജാതി ഫണ്ട് കുടുംബശ്രീ വഴി നൽകുന്നത് പട്ടികജാതിക്കാരോടുള്ള അവഗണനയാണെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ. ടി ജെ ഐസക് പറഞ്ഞു. ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദേശീയ പട്ടികജാതി വികസന കോർപറേഷനിൽ നിന്ന് 100 കോടി രൂപ വായ്പയെടുത്ത് സംസ്ഥാന പട്ടികജാതി വികസന കോർപറേഷൻ വഴി ഇടതുപക്ഷ എം എൽ എമാർക്ക് നിയോജക മണ്ഡലത്തിലെ കുടുംബശ്രീകളിലൂടെ വിതരണം ചെയ്യാൻ നടപടിയെടുത്തത് പട്ടികജാതി കാരോടുള്ള അവഗണനയാണ്. സംസ്ഥാന സർക്കാർ ജാമ്യം നിന്നാണ് എൻ എസ് എഫ് ഡി സിയിൽ നിന്ന് 100 കോടി രൂപ പട്ടികജാതി വികസന കോർപറേഷൻ വായ്പയെടുക്കുന്നത്. ഈ തുക സി ഡി എസ് വഴി ഇടതുപക്ഷ കുടുംബശ്രീകളിൽ ധൃതഗതിയിൽ എത്തിച്ചു കൊണ്ടിരിക്കുകയാണ്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടതുപക്ഷസ്ഥാനാർഥികൾക്ക് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നടപടികൾ സർക്കാർ കൈകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ശശികുമാർ വി.കെ. അധ്യക്ഷത വഹിച്ചു. എ രാം കുമാർ, ആർ രാമചന്ദ്രൻ ,എം. രാഘവൻ, രാജാറാണി, ശ്രീജ ബാബൂ. വിനോദ് കുമാർ ടി, കാർത്യായനി കെ, ഉണ്ണിക്കൃഷ്ണൻ. കെ, അനീഷ് കെ., ഷാജി.ടി എം., രമേശ് കൈലാസം, ഉഷ ഇ എം, ബാലകൃഷ്ണൻ എം കെ, എം ബാലൻ എന്നിവർ സംസാരിച്ചു.
