പെരുമ്പാവൂർ : ശബരിമലയിൽ സ്വർണക്കൊള്ള വ്യക്തമായതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെ സ്വത്ത് സംബന്ധിച്ചും ആശങ്ക. പെരുമ്പാവൂർ ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രത്തിലെ ഇരുനൂറ് കിലോയിലേറെ സ്വർണം കാണാനില്ലെന്നാണ് ആരോപണം ഉയരുന്നത്. ക്ഷേത്രത്തിലെ സ്വർണം സംബന്ധിച്ച കണക്കുകൾ ലഭ്യമല്ലെന്ന് ദേവസ്വം ബോർഡ് മറുപടി നൽകിയതോടെ കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃക്കാരിയൂർ ഗ്രൂപ്പിന്റെ കീഴിലാണ് നിലവിൽ പെരുമ്പാവൂരിലെ ഇരിങ്ങോൾ കാവ്. നാഗഞ്ചേരി മനയുടെ കാവ് 1944ലാണ് നീലകണ്ഠൻ നമ്പൂതിരി ദേവസ്വം ബോർഡിന് കൈമാറുന്നത്. ക്ഷേത്രം ഉൾപ്പെട്ട അറുപതേക്കർ വനഭൂമി, 400 ഏക്കർ നെൽപ്പാടം, സ്വർണം എന്നിവയാണ് ഉടമ്പടി പ്രകാരം കൈമാറിയത്. ക്ഷേത്രവും സമ്പത്തും സംരക്ഷിക്കണപ്പെടുമെന്ന വിശ്വാസത്തിലായിരുന്നു കൈമാറ്റം.
അന്ന് കൈമാറിയ സ്വത്തും
സ്വർണവുമെല്ലാം ബോർഡ്
നഷ്ടപ്പെടുത്തിയെന്നാണ് ആരോപണം.
കോടികൾ വിലയുള്ള അപൂർവയിനം
രത്നങ്ങളും അടങ്ങിയ സ്വർണമടക്കം
അപ്രത്യക്ഷമായി. ഇവ എവിടെയെന്ന
ചോദ്യത്തിന് ദേവസ്വം ബോർഡിന്
ഉത്തരവുമില്ല. ഇരുപത് വർഷം മുൻപുള്ള
വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം
നൽകാൻ നിർവാഹമില്ലെന്നാണ് മറുപടി
ലഭിച്ചതും. ഇതോടെയാണ് സിബിഐ
അന്വേഷണം വേണമെന്നും നഷ്‌ടപ്പെട്ടവ
വീണ്ടെടുക്കണമെന്നും നാഗഞ്ചേരി
മനയിൽ നിന്നും ആവശ്യം
ഉയർന്നിട്ടുള്ളത്.
