പനമരം: സമൂഹത്തെ കാർന്നുതിന്നാൻ തക്കം പാർത്തിരിക്കുന്ന ലഹരിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പനമരം നല്ലപാഠം വീണ്ടും വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാത്യകയായി. പനമരം സ്കൂളിലെ ഗോത്ര വർഗ്ഗ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ” മുക്തി ” എന്ന് പേരിട്ട ഈ പ്രവർത്തനം പനമരം സ്കൂളിൽ വച്ചാണ് നടത്തിയത്. മുഴുവൻ രക്ഷിതാക്കളേയും ലഹരിയുടെ അപകടത്തെ കുറിച്ചും , അത് ഉപയോഗിച്ച് കഴിഞ്ഞാൽ ഉണ്ടാവുന്ന അപകടങ്ങളെ കുറിച്ചും , അതുമൂലം അവനവൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെകുറിച്ചും ബോധവൽക്കരിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രനും, വിമുക്തി ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനവും എത്തിയാണ് രക്ഷിതാക്കൾക്ക് ഈ ക്ലാസ് നൽകിയത്. ചടങ്ങിൽ ഗോത്ര വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികളെ മുഖ്യധാരയിൽ എത്തിക്കാൻ ബത്തേരിയിൽ ഉടൻതന്നെ ഞായറാഴ്ചകളിൽ വിമുക്തി മിഷന്റെ “ഗോത്രകിരണം” പദ്ധതി തുടങ്ങുമെന്നും എല്ലാവരെയും അതിൽ പങ്കെടുപ്പിക്കണമെന്നും അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ആഹ്വാനം ചെയ്തു. വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ “തൊഴിലാവട്ടെ ലഹരി ” എന്നുചൂണ്ടിക്കാട്ടി, ലഹരി വിരുദ്ധ സന്ദേശം നൽകി. രക്ഷിതാക്കളോട് നേരിട്ട് സംവദിക്കാനും അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുമുള്ള ഒരു വേദികൂടിയായി ഈ ക്ലാസ് . രക്ഷിതാക്കൾ അവരുടെ ഒഴിവു സമയം തങ്ങളുടെ കുടുംബത്തിൻ്റെ കൂടെ, തങ്ങളുടെ കുട്ടികളുടെ കൂടെ ചെലവഴിച്ച് അവരുടെ ഊർജ്ജം നല്ല പ്രവർത്തനങ്ങളിൽ ചെലവഴിക്കണമെന്നും, ഒരിക്കലും തെറ്റായ ലഹരികളിൽ വഴുതി വീഴരുത് എന്നുമുള്ള ബോധം രക്ഷിതാക്കളിൽ വളർത്തുക എന്നുള്ളതാണ് ഈ പ്രോഗ്രാമിൻ്റെ ഉദേശ്യം. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സി.കെ. മുനീർ എച്ച്.എം. ഷീജ ജെയിംസ് , കെ.രേഖ , ടി.നവാസ് എന്നിവർ പങ്കെടുത്തു.
