മാനന്തവാടി: മാനന്തവാടി ടൗണിലെ അശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരങ്ങളുടെ പേരിൽ പോലീസ് ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് ഐഎൻടിയുസി മാനന്തവാടി റീജിയണൽ കൺവെൻഷൻ ആരോപിച്ചു.
ടൗണിൽ ആവശ്യത്തിന് പാർക്കിംഗ് സൗകര്യങ്ങളില്ലെന്നും, അശാസ്ത്രീയമായി സ്ഥാപിച്ച പാർക്കിംഗ് ബോർഡുകൾ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി. വിവിധ ആവശ്യങ്ങൾക്കായി വാഹനവുമായി എത്തുന്ന സാധാരണക്കാർക്ക് വാഹനം നിർത്താൻ ഇടമില്ല. എവിടെയെങ്കിലും വാഹനം നിർത്തിയാൽ ഉടൻ പിഴ ഈടാക്കുന്ന സമീപനമാണ് പോലീസിന്റേതെന്നും ഇത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്നും ഐഎൻടിയുസി കുറ്റപ്പെടുത്തി.
ജനദ്രോഹപരമായ നടപടികളിൽ നിന്ന് പോലീസ് പിന്മാറണം. എല്ലാവരുമായി ചർച്ച ചെയ്ത് മാനന്തവാടിക്ക് അനുയോജ്യമായ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കാൻ അധികൃതർ തയ്യാറാകണം. അല്ലാത്തപക്ഷം, ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഐഎൻടിയുസി മുന്നറിയിപ്പ് നൽകി.
