കല്‍പ്പറ്റ: സമഗ്ര ജിഐഎസ് മാപ്പിംഗ് പൂര്‍ത്തിയാക്കി സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്തായി തരിയോട്. പഞ്ചായത്തിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും വിവരം ചിത്രങ്ങളോടുകൂടി വെബ്‌പോര്‍ട്ടല്‍ വഴി വിരല്‍ത്തുമ്പില്‍ ലഭ്യമാകും. അടിസ്ഥാന വിശകലനങ്ങള്‍, ആവശ്യമുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവ എളുപ്പം ലഭിക്കും. വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച പ്രാദേശിക ഭരണസംവിധാനത്തിന്റെ ഗുണത്തിന് പ്രയോജനപ്പെടുത്തുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങള്‍ പ്രാപ്തമാകും. ഭൗമശാസ്ത്രപരമായ വിശകലനവും വിവിധ കാലങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ സംബന്ധിച്ച വിശകലനവും പോര്‍ട്ടലില്‍ ലഭിക്കും.
തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ രാധ പുലിക്കോട്, ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്കല്‍, സിബില്‍ എഡ്വേഡ്, സെക്രട്ടറി എം.പി. രാജേന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി സി.കെ. റസാഖ്, യുഎല്‍സിസി ഐടി ഡെലിവറി മാനേജര്‍ ബബിഷ് എന്നിവര്‍ പങ്കെടുത്തു.
