വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എന്നാല്‍ ടെസ്റ്റിലും ഏകദിനത്തിലും തുടരുമെന്ന് താരം പറഞ്ഞു.
അടുത്ത ടി20 ലോകകപ്പിന് നാല് മാസം മാത്രം ശേഷിക്കേയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടുള്ള പ്രഖ്യാപനം. ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍ സ്‌കോററാണ് 35 കാരനായ വില്യംസണ്‍. 33 ശരാശരിയില്‍ 2575 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 18 അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടുന്നു. 95 ആണ് ഉയര്‍ന്ന സ്‌കോര്‍.
2011ല്‍ ടി20 മത്സരങ്ങള്‍ കളിച്ച് തുടങ്ങിയ വില്യംസണ്‍ 75 മത്സരങ്ങളില്‍ ടീമിനെ നയിച്ചു. ന്യൂസിലന്‍ഡിനെ രണ്ട് ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിലേക്കും (2016, 2022) ഒരു ഫൈനലിലേക്കും (2021) നയിച്ചു. ‘വളരെക്കാലം ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. ആസ്വദിക്കുകയും ചെയ്തു, ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും ഞാന്‍ വളരെ നന്ദിയുള്ളവനാണ്,’ -വില്യംസണ്‍ പറഞ്ഞു
