സുല്‍ത്താന്‍ ബത്തേരി: വയനാട് പുഞ്ചിരിമട്ടം, കോഴിക്കോട് വിലങ്ങാട് പ്രകൃതിദുരന്ത നിവാരണ-ലഘൂകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ(സിബിസിഐ) സാമൂഹിക സേവന പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ തുടക്കമാകുന്നു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ(കെസിബിസി) മേല്‍നോട്ടത്തിലാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണം. ദുരന്ത സാഹചര്യങ്ങളില്‍ സമൂഹത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുക, പ്രാദേശിക ജനതയെ സാമൂഹിക വികസന പരിപാടികളില്‍ സജീവമാക്കുക തുടങ്ങിയവ രണ്ടുവര്‍ഷം നീളുന്ന രണ്ടാംഘട്ട പരിപാടികളുടെ ഭാഗമാണ്.
ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തില്‍ സിബിസിഐ വൈസ് പ്രസിഡന്റും ബത്തേരി രൂപതാധ്യക്ഷനുമായ ഡോ.ജോസഫ് മാര്‍ തോമസ് പദ്ധതി സമര്‍പ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലോകത്തിലെ രണ്ടാമത്തെ വലിയ സന്നദ്ധസംഘടനയായ കാരിത്താസ് പുഞ്ചിരിമട്ടം, വിലങ്ങാട് ദുരന്ത ബാധിതര്‍ക്ക് കൈത്താങ്ങായി രണ്ടാംഘട്ട പദ്ധതികള്‍ ആരംഭിക്കുന്നതിന്റെ പ്രാധാന്യം ബിഷപ് വിശദീകരിച്ചു. ദുരന്തത്തില്‍ മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്ന ബന്ധുമിത്രാദികള്‍ക്കും ദൈവകൃപ ധാരാളമായി ലഭിക്കട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. കാരിത്താസ് ഇന്ത്യ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ആര്‍. യേശുദാസ് അധ്യക്ഷത വഹിച്ചു. ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ അധിഷ്ഠിതമായ വികസന പദ്ധതികളാണ് കാരിത്താസ് ഇന്ത്യ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും അവയുടെ സമയബന്ധിത നടത്തിപ്പിന് സംവിധാനങ്ങള്‍ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ് മുഖ്യപ്രഭാഷണം നടത്തി. കേരള കത്തോലിക്കാസഭയുടെ സാമൂഹിക വികസന പ്രസ്ഥാനമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ.ജേക്കബ് മാവുങ്കല്‍ മുഖ്യാതിഥിയായി. നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി പൗലോസ്, കൗണ്‍സിലര്‍ രാധ രവീന്ദ്രന്‍, കോഴിക്കോട് രൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ ജീവനയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.വി.സി. ആല്‍ഫ്രഡ്, മാനന്തവാടി രൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍, താമരശേരി രൂപത നേതൃത്വം നല്‍കുന്ന സെന്റര്‍ ഫോര്‍ ഓവറോള്‍ ഡവലപ്‌മെന്റിന്റെ(സിഒഡി)എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.സായി പാറന്‍കുളങ്ങര, ബത്തേരി രൂപയുടെ സമൂഹിക സേവന പ്രസ്ഥാനമായ ശ്രേയസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ഡേവിഡ് ആലിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കാരിത്താസ് ഇന്ത്യ കാലാവസ്ഥാവിഭാഗം ഡസ്‌ക് ലീഡര്‍ ഡോ.വി.ആര്‍. ഹരിദാസ് പദ്ധതി വിശദീകരണം നടത്തി. പ്രോഗ്രാം ഓഫീസര്‍ അബീഷ് ആന്റണി, ഡബ്ല്യുഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ്, കെഎസ്എസ്എഫ് കോ ഓര്‍ഡിനേറ്റര്‍ സജോ, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എബി, സിഒഡി പ്രോഗ്രാം ഓഫീസര്‍ സിദ്ധാര്‍ഥ്, ജീവന പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ആഷ്‌ലിന്‍, ശ്രേയസ് പ്രോഗ്രാം മാനേജര്‍ കെ.വി. ഷാജി, പ്രോജക്ട് മാനേജര്‍ കെ.പി. ഷാജി, പി.എഫ്. പോള്‍, ലില്ലി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി
