കല്‍പ്പറ്റ: വയനാട്ടിലെ കര്‍ഷകരില്‍നിന്നു സപ്ലൈകോ മുഖേന നെല്ല് സംഭരിക്കുന്നതിന് സമയപരിധി നീട്ടുന്നതിന് പ്രിയങ്ക ഗാന്ധി എംപി സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനിലിന് കത്ത് നല്‍കി. ജില്ലയിലെ നെല്‍ക്കര്‍ഷകരെ കാലാവസ്ഥാവ്യതിയാനം ആനുപാതികമല്ലാത്ത രീതിയിലാണ് ബാധിക്കുന്നത്. സമയക്രമം തെറ്റിയ മഴ, വെള്ളപ്പൊക്കം, മറ്റ് പ്രതികൂല ഘടകങ്ങള്‍ എന്നിവ മൂലം കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. മണ്ഡലത്തിലെ കര്‍ഷകര്‍ക്ക് സപ്ലൈകോ നിശ്ചയിച്ച സംഭരണസമയത്തിനുള്ളില്‍ നെല്ല് വിളവെടുക്കാന്‍ കഴിയില്ല. ഒന്നാംവിള നെല്ല് സംഭരിക്കുന്നതിനു അവസാന തീയതി ഡിസംബര്‍ 31 ആണ്. എന്നാല്‍ കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന വിളവെടുപ്പുചക്രത്തിലെ മാറ്റം കാരണം കര്‍ഷകര്‍ക്ക് ജനുവരിയില്‍ മാത്രമേ വിളവെടുക്കാന്‍ കഴിയൂ. രണ്ടാംവിള സംഭരണത്തിന്റെ അവസാന തീയതി ജൂണ്‍ അവസാനമാണ്. എന്നാല്‍ ജില്ലയില്‍ ജൂലൈയോടെ മാത്രമേ വിളവെടുപ്പ് സാധ്യമാകൂ. സവിശേഷ സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ ഒന്നാംവിള സംഭരണത്തിന്റെ അവസാന തീയതി ഫെബ്രുവരി 15 വരെയും രണ്ടാംവിളയുടെ സംഭരണ കാലയളവ് ജൂലൈ 30 വരെയും നീട്ടണം. ഈ ന്യായമായ ആവശ്യം പരിഗണിക്കണം. കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരെ പിന്തുണയ്‌ക്കേണ്ടത് കടമയാണെന്നും എംപിയുടെ കത്തില്‍ പറയുന്നു.
