കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണം കോണ്‍ഗ്രസിലെ യുവ നേതാക്കളെ ബാധിക്കില്ലെന്ന് ഷാഫി പറമ്പില്‍ എംപി. വിഷയം നിയമപരമായി മുന്നോട്ട് പോകും. അതില്‍ പാര്‍ട്ടിയോ, രാഹുലുമായി വ്യക്തിപരമായി അടുപ്പമുള്ള നേതാക്കളോ ഇടപെടില്ല എന്നും ഷാഫി പറമ്പില്‍ എംപി പ്രതികരിച്ചു. കൊച്ചിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു ഷാഫി പറമ്പില്‍ കേസിലെ നിലപാട് വ്യക്തമാക്കിയത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായം ഉണ്ടായേക്കാം. എന്നാല്‍ അത് പാര്‍ട്ടിയുടെ തീരുമാനത്തെ ബാധിക്കില്ല. രാഹുലുമായി അടുപ്പമുള്ള തന്റെ വാക്കുകള്‍ പോലും പാര്‍ട്ടി മുഖവിലയ്ക്കെടുത്തുവെന്ന് വരില്ല. പാര്‍ട്ടി ചെയ്യേണ്ട കാര്യങ്ങളില്‍നിന്ന് പാര്‍ട്ടിയെ പിന്തിരിപ്പിക്കാന്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് കഴിയില്ലെന്നും വടകര എംപി പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം കോണ്‍ഗ്രസ് നല്ല രീതിയില്‍ ആണ് കൈകാര്യം ചെയ്തത്. ഔദ്യോഗികമായി പരാതി ഉയരുന്നതിന് മുമ്പുതന്നെ പാര്‍ട്ടി നടപടിയെടുത്തു. കൂടുതല്‍ നടപടി ഉള്‍പ്പെടെ പാര്‍ട്ടി നേതൃത്വം തീരുമാനിക്കും. നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുന്നോട് പോകുമെന്നും ഷാഫി പറമ്പില്‍ അറിയിച്ചു.

നിയമ നടപടികള്‍ ആരംഭിക്കും മുന്‍പാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വോട്ട് തേടി ഇറങ്ങിയതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പ്രാദേശികമായി നേരിട്ടറിയാവുന്നവരും രാഹുലും തമ്മിലുള്ള ഇടപെടലുകളാണ് ഉണ്ടായത്. പാര്‍ട്ടി ഒരുതരത്തിലുള്ള പ്രചാരണത്തിനും രാഹുലിനെ ഏല്‍പിക്കുകയോ അദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയോ ചെയ്തിട്ടില്ല. കെപിസിസിയോ ഡിസിസിയോ നടത്തുന്ന പരിപാടികളില്‍ രാഹുല്‍ ഇതുവരെയും ഭാഗമായിട്ടില്ലെന്നും ഷാഫി പറമ്പില്‍ അവകാശപ്പെട്ടു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *