മുംബൈ: വെറ്ററന്‍ ഇതിഹാസങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരുടെ ഭാവി സംബന്ധിച്ച തീരുമാനമെടുക്കാന്‍ ബിസിസിഐ നിര്‍ണായക യോഗം ചേരുമെന്നു റിപ്പോര്‍ട്ട്. ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്നു വിരമിച്ച മുന്‍ നായകന്‍മാരായ ഇരുവരും നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര നാളെ തുടങ്ങുമ്പോള്‍ ഇരുവരും ടീമിലുണ്ട്.

അടുത്ത ആഴ്ച വിശാഖപട്ടണത്ത് നടക്കുന്ന മൂന്നാം ഏകദിന പോരാട്ടത്തിനു പിന്നാലെ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐ ഭാരവാഹികള്‍, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍, മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ യോഗത്തിനെത്തും. ഈ യോഗത്തില്‍ രോഹിത്, കോഹ്‌ലി സഖ്യത്തിന്റെ ഭാവി തീരുമാനിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേകിച്ച് 2027ലെ ലോകകപ്പില്‍ ഇരുവരും കളിക്കുമോ എന്ന കാര്യത്തിലടക്കം തീരുമാനമുണ്ടാകും.

നിലവില്‍ ഇരുവരോടും കളിയില്‍ മാത്രം ശ്രദ്ധിക്കാനാണ് ബിസിസിഐ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുറത്തു കേള്‍ക്കുന്ന ഊഹാപോഹങ്ങള്‍ക്ക് തല വയ്‌ക്കേണ്ടതില്ലെന്നടക്കമുള്ള നിര്‍ദ്ദേശങ്ങളും വെറ്ററന്‍ താരങ്ങള്‍ക്ക് അധികൃതര്‍ നല്‍കിയതായാണ് വിവരം.

ഈ വര്‍ഷത്തെ ഇന്ത്യയുടെ അവസാന ഏകദിന ഷെഡ്യൂളാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടം. ജനുവരിയില്‍ ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന പരമ്പരയുണ്ട്. ഇതിനു ശേഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പോരാട്ടം.

ഇരുവരും ഏകദിനത്തില്‍ മാത്രം കളിക്കുന്നതിനാല്‍ നീണ്ട ഇടവേളകള്‍ പരമ്പരകള്‍ തമ്മിലുള്ളതിനാല്‍ അതു പ്രകടനത്തെ കാര്യമായി ബാധിക്കും. ഇതൊഴിവാക്കാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ബിസിസിഐ മുന്‍ നായകന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഇരുവരും കളിക്കണമെന്നാണ് ബിസിസിഐ മുന്നോട്ടു വച്ചിരിക്കുന്ന നിര്‍ദ്ദേശം.

ഒക്ടോബറില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലാണ് അവസാനമായി രോഹിതും കോഹ്‌ലിയും ഇന്ത്യയ്ക്കായി കളിച്ചത്. രോഹിതായിരുന്നു പരമ്പരയിലെ ടോപ് സ്‌കോറര്‍. ഒരു സെഞ്ച്വറിയടക്കം മുന്‍ ക്യാപ്റ്റന്‍ 202 റണ്‍സ് നേടി. കോഹ്‌ലി ആദ്യ രണ്ട് ഏകദിനങ്ങളില്‍ തിളങ്ങിയില്ലെങ്കിലും അവസാന പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി (74) നേടി മികവിലേക്ക് തിരിച്ചെത്തിയിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *